വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച 27 പേര്‍ക്ക് വിലക്ക്

Web Desk
1 Min Read

ദോഹ: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ആരോഗ്യ മേഖലയില്‍ ജോലി ലൈസന്‍സ് നേടാന്‍ ശ്രമിച്ച 27 പേരെ സ്ഥിരമായി വിലക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് വ്യാജ രേഖകള്‍ കണ്ടെത്തിയതെന്നും ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ഖത്തറിലെ ആരോഗ്യ മേഖലയില്‍ ഇനി പ്രവര്‍ത്തിക്കാന്‍ സ്ഥിര വിലക്ക് ഏര്‍പ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.

city exchange

ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. സഅദ് അല്‍- കഅബി അപേക്ഷകരുടെ രേഖകള്‍ രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ് നടപടികളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പരിശോധിക്കുന്നതായാണ് വിശദീകരിച്ചത്. അപേക്ഷകളുടെ പ്രാഥമിക പരിശോധനയിലൂടെ വ്യാജ രേഖകള്‍ ഉപയോഗിക്കുന്നവരെ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്തര്‍ദേശീയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ലൈസന്‍സിംഗ് നടപടികളില്‍ ഉയര്‍ന്ന നിലവാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ യോഗ്യതയുള്ള വിദഗ്ധര്‍ക്കു മാത്രമേ അനുമതി നല്‍കുന്നുള്ളുവെന്നും മന്ത്രാലയം അറിയിച്ചു.

അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതകളും തൊഴില്‍പരിചയവും സംബന്ധിച്ച രേഖകളുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി പ്രത്യേക വിദഗ്ധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കര്‍ശനമായ പരിശോധനാ നടപടികള്‍ നടപ്പാക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!