

ദോഹ: അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഒക്ടോബര്‍ 10 മുതല്‍ വില്‍പ്പന ആരംഭിക്കുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു.

സിംഗിള്‍ മാച്ച് ടിക്കറ്റ്, ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകള്‍, ഗ്രൂപ്പ് ഘട്ടങ്ങള്‍, മറ്റ് ഓപ്ഷനുകള്‍ തുടങ്ങി വിവിധ പാക്കേജുകള്‍ സഹിതം ടിക്കറ്റുകള്‍ക്ക് 25 റിയാല്‍ ആയിരിക്കും വിലയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഘട്ടംഘട്ടമായാണ് പുറത്തിറക്കുക. ഫാന്‍ എന്‍ട്രി വിസയുമായോ ഹയ്യ കാര്‍ഡുമായോ ബന്ധിപ്പിക്കില്ല.
ലോകകപ്പ് കളിച്ച ഏഴ് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് കളിക്കളങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക. ആതിഥേയ രാജ്യമായ ഖത്തറാണ് നിലവിലെ ചാമ്പ്യന്മാരെന്നതും എ എഫ് സി ഖത്തര്‍ എഡിഷന്റെ പ്രത്യേകതയാണ്. സംഘാടക സമിതിയുടെ വെബ്സൈറ്റിലൂടെയും എ എഫ് സി വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കും.
ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ പ്രാദേശിക ഓര്‍ഗനൈസിംഗ് കമ്മിറ്റി മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ കുവാരി ഉള്‍പ്പെടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

