

ഒട്ടാവ: കോവിഡ് വാക്‌സിന്‍ പൂര്‍ണമായും സ്വീകരിക്കാതിരുന്ന ജീവനക്കാരെ താത്ക്കാലികമായി പുറത്താക്കി എയര്‍ കാനഡ. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ജോലിയില്‍ തിരികെ കയറാന്‍ ഡിസംബര്‍ ഒന്നുവരെ അധികൃതര്‍ ജീവനക്കാര്‍ക്ക് സമയം നല്കിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയാണ് എയര്‍ കാനഡ. ഇവരെ കൂടാതെ മറ്റൊരു കനേഡിയന്‍ എയര്‍ലൈനായ വെസ്റ്റ് ജെറ്റും മുന്നൂറോളം ജീവനക്കാരെ ഇക്കാര്യത്തില്‍ പിരിച്ചു വിട്ടിട്ടുണ്ട്. രാജ്യത്തെ മറ്റ് വിമാന കമ്പനികളും ഇതേ നടപടി പിന്‍തുടരുമെന്നാണ് വിവരം.

എയര്‍ കാനഡയിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ടെന്ന് എയര്‍ കാനഡ കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൈക്കല്‍ റൂസോ പറഞ്ഞു. ജീവനക്കാരില്‍ 96 ശതമാനത്തിലധികം പേരാണ് വാക്‌സിനേഷന്‍ പൂര്‍ണതോതില്‍ സ്വീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ തലത്തിലോ അനുവദനീയമായ മറ്റു ഇളവുകളോ ഇല്ലാത്ത വാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാരോട് ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും റൂസോ കൂട്ടിച്ചേര്‍ത്തു.

