

ദോഹ: റൗദത്ത് അല്‍ ഹമാമയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകളുള്ള പാര്‍ക്ക് ഉടന്‍ തുറക്കും. സമീപപ്രദേശങ്ങള്‍ക്ക് കൂടി സേവനം നല്‍കുന്ന തരത്തിലാണ് പാര്‍ക്ക് വികസിപ്പിക്കുന്നതെന്ന് ബ്യൂട്ടിഫിക്കേഷന്‍ ഓഫ് റോഡ്‌സ് ആന്റ് പബ്ലിക്ക് പ്ലേസസ് ഇന്‍ ഖത്തര്‍ സൂപ്പര്‍വൈസറി കമ്മിറ്റി പ്രൊജക്ട് മാനേജര്‍ ജാസിം അബ്ദുല്‍ റഹ്മാന്‍ ഫഖ്റൂ ഖത്തര്‍ ടി വിയോട് പറഞ്ഞു.

പാര്‍ക്കില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകള്‍ ഉണ്ടാകും. അതോടൊപ്പം ഖത്തര്‍ പരിസ്ഥിതിയില്‍ നിന്നുള്ള നിരവധി മരങ്ങളുള്ള ഹരിത പ്രദേശങ്ങളും വാഹനങ്ങള്‍ക്കാവശ്യമായ പാര്‍ക്കിംഗും വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കളി സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ പാര്‍ക്കുകളും ഹരിതാഭ പ്രദേശങ്ങളും നല്‍കാനും പൊതുപാര്‍ക്കുകളിലും ബീച്ചുകളിലും ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

