
ദോഹ: അല്‍ മദ്‌റസ അല്‍ ഇസ്ലാമിയയുടെ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി വിപുലമായി കോണ്‍വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു. വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു.

പ്രശസ്ത കലാകാരിയും കലാ നിരൂപകയുമായ ഡോ. ജമീല അല്‍ ഷുറൈം മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അവര്‍ മതപഠനം വെറും ഗ്രന്ഥപഠനമല്ലെന്നും മറിച്ച് ആത്മാവിനെയും ധാര്‍മ്മികതയെയും മാനുഷികബോധത്തെയും രൂപപ്പെടുത്തുന്ന പ്രക്രിയയാണെന്നും പറഞ്ഞു. ജ്ഞാനവും മൂല്യങ്ങളും ഒന്നിക്കുമ്പോഴാണ് സമൂഹത്തിന് ഉപകാരപ്രദമായ സന്തുലിത വ്യക്തിത്വങ്ങള്‍ രൂപപ്പെടുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ജീവിതത്തില്‍ സ്വപ്‌നങ്ങളോടും ദൃഢനിശ്ചയത്തോടും കൂടി മുന്നേറേണ്ടതിന്റെ ആവശ്യകതയും അവര്‍ വിദ്യാര്‍ഥികളെ ഉണര്‍ത്തിക്കൊണ്ട് വിശദീകരിച്ചു.

ചടങ്ങില്‍ സി ഐ സി പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ ജലീല്‍, സി ഐ സി അക്കാദമിക് ഡയറക്ടര്‍ ഡോ. അലിഫ് ഷുക്കൂര്‍, രക്ഷിതാക്കളെ പ്രതിനിധീകരിച്ച് അന്‍വര്‍ സാദിഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുഖ്യാതിഥി ഡോ. ജമീല അല്‍ ഷുറൈം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മികച്ച വിജയം നേടിയ ടോപ്പര്‍മാരെ ആര്‍ എസ് അബ്ദുല്‍ ജലീല്‍ പ്രഖ്യാപിക്കുകയും അവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഫാദില്‍ അന്‍വര്‍ ഖിറാഅത്ത് നടത്തി. റഖീബ് മേലാറ്റൂര്‍ നന്ദി രേഖപ്പെടുത്തി. ജമാല്‍, ഷറഫുദ്ദീന്‍, സി കെ അബ്ദുല്‍ കരീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

