

ദോഹ: ലോകോത്തര കായിക ഇനത്തെ രാഷ്ട്രീയ പ്രസ്താവനകള്‍ക്കുള്ള വേദിയാക്കരുതെന്ന അഭ്യര്‍ഥനയുമായി ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സി ഇ ഒ നാസര്‍ അല്‍ ഖാതര്‍. ഖത്തര്‍ ലോകകപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നവരില്‍ ചിലര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അല്‍ ജസീറ ചാനലിന്റെ ലില്‍ ഖിസ്സത് ബദിയ (ബാക്കി കഥയ്ക്ക് വേണ്ടി) എന്ന അല്‍ ജസീറ പരിപാടിയില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ ആക്രമിക്കുന്നതിന് പിന്നിലെന്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വസിക്കുന്നത് ഫിഫ ലോകകപ്പ് സംഘാടനം അവരുടെ കുത്തകയാണെന്നും 22ല്‍ 11 ടൂര്‍ണമെന്റുകളും അവരാണ് സംഘടിപ്പിച്ചതെന്നുമാണ്. ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് കാണാന്‍ എല്ലാവരേയും ഖത്തറിലേക്ക് ക്ഷണിക്കുന്നതായും എന്നാല്‍ തങ്ങളുടെ സംസ്‌ക്കാരത്തെ അവര്‍ മാനിക്കേണ്ടതുണ്ടെന്നും അല്‍ ഖാതര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറിന് ലോകകപ്പ് വേദി ലഭിച്ചതുമുതല്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഖത്തറിന്റെ വലുപ്പം, കാലാവസ്ഥ, ഫുട്ബാളിലെ പാരമ്പര്യം തുടങ്ങിയവ ഉയര്‍ത്തിയാണ് വിമര്‍ശകര്‍ ആദ്യം രംഗത്തെത്തിയത്.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റിന്റെ ടിക്കറ്റിനായി 40 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിനകം മൂന്ന് ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു കഴിഞ്ഞു. ഇതിനര്‍ഥം ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വിജയകരമായ ടൂര്‍ണമെന്റാണ് ഖത്തറിലേതെന്നാണ്. ടൂര്‍ണമെന്റ് ഏറ്റവും വിജയകരമാക്കുകയെന്നതിനാണ് തങ്ങളുടെ ഏറ്റവും പ്രഥവും പ്രധാനവുമായ പരിഗണനയെന്നു പറഞ്ഞ അല്‍ ഖാതര്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം തങ്ങള്‍ കൃത്യമായ മറുപടി നല്കിയിട്ടുണ്ടെന്നും എന്നാല്‍ ചിലരെങ്കിലും മറുപടി അര്‍ഹിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നും പ്രൊഫഷണലിസമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം നിര്‍മാണത്തിനിടെ നിരവധി ജോലിക്കാര്‍ മരിച്ചുവെന്ന കൂട്ടിച്ചേര്‍ത്ത വാര്‍ത്തകള്‍ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. സ്റ്റേഡിയം നിര്‍മാണത്തിനിടെ മൂന്ന് ജോലിക്കാര്‍ മാത്രമാണ് മരിച്ചത്. ഖത്തറിലെ നിര്‍മാണ മേഖലയിലെല്ലാം അന്താരാഷ്ട്ര ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങളാണ് പാലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നെഗറ്റീവ് വിവരങ്ങള്‍ എടുത്തുകാണിക്കാനാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്. ഖത്തറിലെ ശരിയായ കണക്കുകളും വിവരങ്ങളും മാധ്യമങ്ങള്‍ക്കെല്ലാം നല്കിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അവരാരും അതൊന്നും ഒരിക്കല്‍ പോലും പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ലോകകപ്പിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ വംശീയമായാണ് കാര്യങ്ങളെ കാണുന്നതെന്നും ചെറിയ അറബ് ഇസ്‌ലാമിക രാജ്യം വന്‍ രാജ്യങ്ങള്‍ക്കെതിരെ മത്സരിച്ച് ടൂര്‍ണമെന്റ് സ്വന്തമാക്കിയത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അല്‍ഖാതര്‍ വ്യക്തമാക്കി.
ഫിഫ ലോകകപ്പ് ഫുട്ബാള്‍ അറബ് രാജ്യത്ത് സംഘടിപ്പിക്കാനും അത് ഫിഫയുടെ ചരിത്രത്തിലെ മികച്ചതാക്കാനുമാണ് തങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറബ് മേഖല സംഘര്‍ഷ ഭൂമിയാണെന്ന പാശ്ചാത്യ ലോകത്തിന്റെ കാഴ്ചപ്പാടിന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 മാറ്റം വരുത്തുമെന്നും അല്‍ഖാതര്‍ പറഞ്ഞു.
ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തുന്ന ഒരു ദശലക്ഷം പേര്‍ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങിയെത്തിയാല്‍ ഖത്തറിനേയും ജനങ്ങളേയും കുറിച്ച് ഏറ്റവും നല്ല വിവരങ്ങള്‍ കൈമാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അല്‍ ഖാതര്‍ വിശദമാക്കി.

