

ദോഹ: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൂടിക്കാഴ്ച നടത്തി. പരസ്പര താത്പര്യമുള്ള പ്രധാന പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഫലസ്തീന്‍ പ്രദേശങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ലുസൈല്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലും സാധാരണക്കാരുടെ സംരക്ഷണവും ആവശ്യപ്പെടുന്നതിനുള്ള പ്രാദേശിക, അന്തര്‍ദേശീയ നയതന്ത്ര ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും നീതിപൂര്‍വകവും സമഗ്രവുമായ നേട്ടത്തിനായി കഠിനമായി പരിശ്രമിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറി. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാന്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് സമൂലവും അന്തിമവുമായ രീതിയില്‍ സമാധാനം ആവശ്യമാണെന്നും ഭരണാധികാരികള്‍ പറഞ്ഞു.

ഫലസ്തീന്‍ രാജ്യത്തിന്റെ കാര്യത്തിലും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളിലും ഖത്തര്‍ ഭരണകൂടത്തിന്റെ ഉറച്ച നിലപാടും പ്രത്യേകിച്ച് കിഴക്കന്‍ ജറുസലേമുമായി 1967-ലെ അതിര്‍ത്തിക്കുള്ളില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശവും അമീര്‍ ആവര്‍ത്തിച്ചു. പശ്നത്തിന് നീതിയുക്തമായ പരിഹാരത്തിലെത്തുന്നതിന് തുരങ്കം വയ്ക്കുന്ന എല്ലാ നിയമ ലംഘനങ്ങളേയും ഭരണാധികാരികള്‍ അപലപിച്ചു.
ഫലസ്തീന്‍ ആവശ്യത്തിനും മറ്റ് ന്യായമായ അറബ് ആവശ്യങ്ങള്‍ക്കും നല്‍കിയ തുടര്‍ച്ചയായ പിന്തുണയ്ക്ക് ജോര്‍ദാന്‍ രാജാവ് അമീറിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും പൊതു അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.
ജോര്‍ദാന്‍ രാജാവിനും പ്രതിനിധി സംഘത്തിനും ബഹുമാനാര്‍ഥം അമീര്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജോര്‍ദാനിയന്‍ ഭാഗത്ത് കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമന്‍ രാജകുമാരന്‍, പ്രധാനമന്ത്രി ഡോ. ബിഷര്‍ ഹനി അല്‍ ഖസാവ്‌നെ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ- പ്രവാസികാര്യ മന്ത്രിയുമായ അയ്മാന്‍ അല്‍ സഫാദി തുടങ്ങിയവരുമുണ്ടായി.

