
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ലുസൈല്‍ പാലസില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.

ചര്‍ച്ചയുടെ തുടക്കത്തില്‍ അമീര്‍ ഫ്രഞ്ച് പ്രസിഡന്റിനെയും അനുഗമിച്ച പ്രതിനിധി സംഘത്തെയും ഖത്തറിലേക്ക് സ്വാഗതം ചെയ്തു. അവരുടെ സന്ദര്‍ശനം സുഖകരമാകട്ടെയെന്ന് ആശംസിക്കുകയും ചരിത്രപ്രാധാന്യമുള്ള ഈ സന്ദര്‍ശനത്തില്‍ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ഒരു പ്രസിഡന്റിന്റെ ഖത്തറിലേക്കുള്ള ആദ്യ ഔദ്യോഗിക രാഷ്ട്രസന്ദര്ശനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ആഴവും തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ശക്തിയും ഈ സന്ദര്‍ശനം വ്യക്തമാക്കുന്നതായും വിവിധ മേഖലകളില്‍ പങ്കാളിത്തവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അമീര്‍ പറഞ്ഞു.

അമീര്‍ നല്കിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥേയത്വത്തിനും ഫ്രഞ്ച് പ്രസിഡന്റ് നന്ദിയും കൃതജ്ഞതയും അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി സഹകരണ ബന്ധങ്ങള്‍ വികസിപ്പിക്കാനും കൂടുതല്‍ വിപുലമായ മേഖലകളിലേക്ക് അവയെ ഉയര്‍ത്തിക്കൊണ്ടുപോകാനും ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപ്രധാന പങ്കാളിത്തവും അവലോകനം ചെയ്തു. സാമ്പത്തികം, നിക്ഷേപം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍താനി, ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി, അമീരി ദിവാന് മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി എന്നിവരും നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഫ്രഞ്ച് ഭാഗത്തുനിന്ന് സായുധസേനാ- വെറ്ററന്‍സ് കാര്യ മന്ത്രി കാതറിന് വോത്രിന്, യൂറോപ്പ്- വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരോ, സായുധസേനാ- വെറ്ററന്‍സ് കാര്യ മന്ത്രിയുടെ പ്രതിനിധി മന്ത്രി ആലിസ് റൂഫോ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
തുടര്‍ന്ന് അമീറും ഫ്രഞ്ച് പ്രസിഡന്റും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധങ്ങളും സഹകരണവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.
നേരത്തേ ലുസൈല്‍ പാലസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം നല്കി. 21 പീരങ്കിവെടികളോടെയായിരുന്നു സ്വീകരണച്ചടങ്ങിന് തുടക്കം. തുടര്‍ന്ന് പരമ്പരാഗത ഖത്തരി നൃത്താവിഷ്കാരവും കുതിരപ്പടയാളികളുടെയും ഒട്ടകസവാരിക്കാരുടെയും പ്രകടനവും അരങ്ങേറി. ഇരു രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചശേഷം ഔദ്യോഗിക പ്രതിനിധി സംഘാംഗങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്തു.

