
ബാക്കു: ഏഷ്യയിലെ ഇടപെടലും വിശ്വാസനിര്മാണ നടപടികളും സംബന്ധിച്ച സമ്മേളനത്തിന്റെ (സി ഐ സി എ) ഏഴാമത് ഉച്ചകോടിക്കിടെ ഖത്തര് അമീര് ശൈഖ് തമീം ബിന് ഹമദ് അല്താനി അസര്ബൈജാന് പ്രസിഡന്റ് ഇല്ഹാം അലിയേവുമായി കൂടിക്കാഴ്ച നടത്തി. അസര്ബൈജാന് തലസ്ഥാനമായ ബാക്കുവിലായിരുന്നു ഉച്ചകോടി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്, വിവിധ മേഖലകളില് സഹകരണം ശക്തിപ്പെടുത്തുന്നതിനും കൂടുതല് വികസിപ്പിക്കുന്നതിനുമുള്ള മാര്ഗങ്ങള് എന്നിവ കൂടിക്കാഴ്ചയില് ചര്ച്ചയായി. പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളും പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തി.

ഉച്ചകോടിയുടെ അജന്ഡയിലെ പ്രധാന വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങള് കൈമാറി. പ്രാദേശികവും അന്തര്ദേശീയവുമായ തലങ്ങളില് സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള് ചര്ച്ചയില് പ്രത്യേക പ്രാധാന്യം നേടി.
ഖത്തര് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് അബ്ദുറഹ്മാന് ബിന് ജാസിം അല്താനി, അമീരി ദിവാന് മേധാവി അബ്ദുല്ല ബിന് മുഹമ്മദ് അല് ഖുലൈഫി എന്നിവരും അമീറിനെ അനുഗമിച്ച ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും കൂടിക്കാഴ്ചയില് പങ്കെടുത്തു.
അസര്ബൈജാന് പ്രസിഡന്റിനെ അനുഗമിച്ച ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങളും അസര്ബൈജാന് ഭാഗത്തുനിന്ന് കൂടിക്കാഴ്ചയില് പങ്കെടുത്തു.

