

ലുസൈല്‍: അര്‍ജന്റീനയുടെ ഗതി ബ്രസീലിനും വരുമെന്ന് ഭയന്ന ആരാധകര്‍ക്ക് ആശ്വസിക്കാം. ആദ്യ മത്സരത്തില്‍ തോക്കാനുള്ള വിധി ബ്രസീലിനുണ്ടായില്ല. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സെര്‍ബിയയെ കെട്ടുകെട്ടിച്ചാണ് ബ്രസീല്‍ ലോകകപ്പ് ഫുട്ബാളില്‍ തുടക്കമിട്ടത്.

റിച്ചാലിസണ്‍ നേടിയ ഇരട്ടഗോളാണ് ബ്രസീല്‍ അക്കൗണ്ടില്‍ മൂന്ന് പോയിന്റിന് വഴിയൊരുക്കിയത്. കാനറികള്‍ക്കെതിരെ കടുത്ത പ്രതിരോധമുയര്‍ത്തിയാണ് സെര്‍ബിയ തുടങ്ങിയത്. ഒരു മണിക്കൂറും രണ്ടു മിനുട്ടും വേണ്ടി വന്നു ബ്രസീലിന് സെര്‍ബിയന്‍ പ്രതിരോധം തകര്‍ക്കാന്‍. 62, 73 മിനുട്ടുകളിലാണ് റിച്ചാലിസണ്‍ ഗോള്‍ വല കുലുക്കിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് റയ്യാന്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ വെയില്‍സ് ഇറാനേയും വൈകിട്ട് നാലിന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഖത്തര്‍ സെനഗലിനേയും രാത്രി ഏഴിന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നെതര്‍ലാന്റ്‌സ് ഇക്വഡോറിനേയും രാത്രി പത്തിന് അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് യു എസ് എയേയും നേരിടും.

