

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ട്രോഫി പത്താം തിയ്യതി ചൊവ്വാഴ്ച രാത്രി കത്താറയില്‍. ലോകകപ്പ് 200 ദിവസം കൗണ്ട് ഡൗണുമായി ബന്ധപ്പെട്ടാണ് പരിപാടികള്‍ ഒരുക്കുന്നത്.

കത്താറയില്‍ നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്കായി സ്റ്റേജ് ഷോ ഉള്‍പ്പെടെ അരങ്ങേറും. ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം കഫു പരിപാടിയില്‍ പങ്കെടുക്കും. ഫിഫ ലോകകപ്പില്‍ രണ്ടു തവണ ജേതാവായിട്ടുണ്ട് കഫു.

വൈകിട്ട് ഏഴിനാണ് ചടങ്ങുകള്‍ ആരംഭിക്കുക. ലോകകപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട പരിപാടി പരമ്പരകളുടെ സമാപനം കൂടിയാണ് കത്താറയിലെ ചടങ്ങുകള്‍.
മെയ് അഞ്ചിന് ആരംഭിച്ച ലോകകപ്പ് ട്രോഫിയുടെ വിവിധ പരിപാടികള്‍ ആസ്‌പെയര്‍ പാര്‍ക്ക്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, സൂഖ് വാഖിഫ്, മുശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ട്രോഫിയെത്തിയത്.
ഈദ് അവധിക്കാലത്ത് പ്രഖ്യാപിച്ച 200 ദിവസ കൗണ്ട് ഡൗണുമായി ബനധപ്പെട്ട് രാജ്യത്തുടനീളം സഞ്ചരിച്ച ലോകകപ്പ് ട്രോഫി കൂടുതല്‍ ആവേശമാണ് സൃഷ്ടിച്ചതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മവ്‌ലാവി പറഞ്ഞു. ചൊവ്വാഴ്ച കത്താറയില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായും ആവേശകരമായ പരിപാടിയായിരിക്കും ഇതെന്നും അറിയിച്ച അദ്ദേഹം നവംബറില്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഖത്തറില്‍ ട്രോഫി കാണാനുള്ള അവസാന അവസരമാണിതെന്നും വ്യക്തമാക്കി.

