

ദോഹ: മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയല് (44) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയും ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി (39)യുടെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെടുത്തിരുന്നു.

ബുധനാഴ്ചയാണ് മന്‍സൂറയിലെ നാലുനില കെട്ടിടം തകര്‍ന്നു വീണത്. രണ്ടു പേര് മരിച്ചതായും ഏഴു പേര്‍ക്ക് പരുക്കേറ്റതായുമാണ് ആദ്യം വാര്‍ത്ത പുറത്തുവന്നത്. രണ്ടു മലയാളികളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം നാലായി.

ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ഫൈസലിനേയും നൗഷാദിനേയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബില്‍ശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസല്‍, റൈസ എന്നിവര്‍ മക്കളാണ്.
നാല് വര്‍ഷം മുമ്പ് ഖത്തറിലെത്തിയതായിരുന്നു മരിച്ചവരില്‍ ആദ്യം തിരിച്ചറിഞ്ഞ മലയാളി ഫൈസല്‍ മലയാളി. ദോഹയിലെ വേദികളില്‍ ഗായകനായും ചിത്രകാരനായും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പാറപ്പുറവന്‍ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസല്‍ കുപ്പായി. റന, നദ, മുഹമ്മദ് ഫെബിന് എന്നിവരാണ് ഫൈസലിന്റെ മക്കള്‍.
ബി റിംഗ് റോഡില്‍ മന്‍സൂറയിലെ ബിന്‍ ദിര്‍ഹമില്‍ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കെട്ടിടം തകര്‍ന്നത്. അന്നുമുതല്‍ കാണാതായ കാസര്‍ക്കോട് പുളിക്കൂര്‍ സ്വദേശി അഷറഫ് എന്ന അച്ചപ്പുവിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇദ്ദേഹത്തെ കുറിച്ചു ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മലയാളികളെ കൂടാതെ രണ്ട് ഇന്ത്യക്കാര്‍ കൂടി കെട്ടിടം തകര്‍ന്ന് മരിച്ചതായി സംശയിക്കുന്നുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹുസൈന്, ആന്ധ സ്വദേശിയായ ശൈഖ് അബ്ദുല്‍ നബി ശൈഖ് ഹുസൈന് എന്നിവരാണ് മരിച്ചതായി സംശയിക്കുന്നത്.
അപകടം നടന്നയുടന്‍ ഏഴുപേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം രണ്ട് സ്ത്രീകളേയും രക്ഷപ്പെടുത്തി. പന്ത്രണ്ട് കുടുംബങ്ങളെയാണ് അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

