Featured
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ബിസിനസ് സംഘം ഖത്തര്‍ സന്ദര്‍ശിച്ചു

ദോഹ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ 45 അംഗ ബിസിനസ് പ്രതിനിധി സംഘം ഖത്തറിലെ ഭക്ഷ്യ- കാര്‍ഷിക മേഖലകളിലെ വ്യാപാര, സഹകരണ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിന് ഖത്തര്‍ സന്ദര്‍ശിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥാപിച്ച ഇന്ത്യയുടെ പരമോന്നത വ്യാപാര പ്രമോഷന്‍ ബോഡിയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍.


അരി, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, ശീതീകരിച്ച പച്ചക്കറികള്‍, പാക്കേജിംഗ് മുതലായ മേഖലകളെ പ്രതിനിധീകരിക്കുന്ന 31 പ്രമുഖ ഇന്ത്യന്‍ ഭക്ഷ്യ- കാര്‍ഷിക കമ്പനികളുടെ പ്രതിനിധികള്‍ അടങ്ങുന്ന പാന്‍ ഇന്ത്യ പ്രതിനിധി സംഘം ഖത്തറില്‍ ബിസിനസ് ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാണ് നടത്തിയത്.

യോഗങ്ങള്‍ക്ക് പുറമേ പ്രതിനിധി സംഘം ഖത്തറിലെ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പര്യടനം നടത്തി. അവിടെ ഖത്തറിന്റെ റീട്ടെയില്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത അവതരിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംഭരണ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി. സഹകരണ സംരംഭങ്ങളും പരസ്പര വളര്‍ച്ചാ അവസരങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനുള്ള സുപ്രധാന അവസരമായി ഈ കൂടിക്കാഴ്ചകള്‍ ഇരുകൂട്ടര്‍ക്കും സഹായകമായി.


പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രഫഷണല്‍സ് കൗണ്‍സിലുമായി (ഐ ബി പി സി) സഹകരിച്ച് ഇന്ത്യന്‍ കമ്പനികളും പ്രധാന ഖത്തരി ഇറക്കുമതിക്കാരും റീട്ടെയിലര്‍മാരും തമ്മില്‍ ബി2ബി പരിപാടി സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ബി2ബി പരിപാടി ഉദ്ഘാടനം ചെയ്തു.
ഖത്തറിലേക്ക് സുഗന്ധവ്യഞ്ജനങ്ങള്‍, മാംസം, പാലുത്പന്നങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടിയ അംബാസഡര്‍ വിപുല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാമ്പത്തികവുമായ ബന്ധത്തെക്കുറിച്ച് സംസാരിച്ചു.


