

കോഴിക്കോട്: കെ-റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയില്‍ അധികമാണ് നഷ്ടപരിഹാരമെന്നും ‘അതുക്കും മേലെ’ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ഭാവിയാണ് പ്രധാനം. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കും. അതിവേഗ റെയില്‍വേ വേണമെന്ന് പറഞ്ഞവരാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്തുപാട്ടിലാണ്. ജനങ്ങളുടെ പ്രശ്നം വാര്‍ത്തയേ അല്ലാതായിയെന്നും പൗരാവകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നാവനക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശത്രുതാ മനോഭാവം പുലര്‍ത്തുന്നു. ഇന്ന് നാടിന്റെ വികസനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിക്ഷിപ്ത താല്‍പര്യക്കാരെ തുറന്ന് കാട്ടാന്‍ കഴിയുന്നില്ല. മുമ്പ് വികസനോന്മുഖ പത്രപ്രവര്‍ത്തനമായിരുന്നു. ഭിലായ് സ്റ്റീല്‍ പ്ലാന്റ് അടക്കം വന്നത് ഇത്തരം പത്രപ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമായാണ്. ചെറിയ ചില കുടുംബങ്ങള്‍ക്ക് വരുന്ന പ്രയാസങ്ങള്‍ അന്ന് വാര്‍ത്തയായില്ല.
എഫ് എ സി ടി, ടൈറ്റാനിയം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്തായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാര്‍ത്തകള്‍. ഇന്ന് അതല്ല സ്ഥിതി.
ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും വികസന പത്രപ്രവര്‍ത്തനം പത്രപ്രവര്‍ത്തകര്‍ പാടെ ഉപേക്ഷിച്ച മട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ ഭാവിക്കായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കുത്തിത്തിരി പ്പുകള്‍ക്ക് ഇട കൊടുക്കരുത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണ്‍ ആയി മാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സെക്രട്ടറിയറ്റില്‍ അഗ്നിബാധ ഉണ്ടായ ഉടനെ ഫയലുകള്‍ നശിപ്പിക്കാനാണെന്ന് വാര്‍ത്ത നല്‍കി. നുണയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ സെന്‍സേഷണല്‍ വാര്‍ത്ത നല്‍കി. ഒരു ഫയലും കത്തിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വാര്‍ത്ത തിരുത്തിയില്ല. സ്വയം പരിശോധനയും തിരുത്ത ലിനും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മഹത്വവല്‍ക്കരിക്കുന്നു. മുത്തങ്ങയില്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് നേരെ നടന്ന വെടിവെപ്പ് അടിച്ചമര്‍ത്തലായി കാണാത്ത പത്രങ്ങളുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പക്ഷപാതിത്വം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാതാ വികസനത്തില്‍ ഭൂമിയേറ്റെടുക്കുന്നതിലെ തര്‍ക്കം നീണ്ടു. ഇക്കാര്യത്തില്‍ ഗഡ്കരിയെ കണ്ടു, അദ്ദേഹം ഹൃദയ വിശാലതയോടെ കാര്യങ്ങളെ കേട്ടു. ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നെങ്കില്‍ ദേശീയ പാത നേരത്തെ വന്നേനെ. ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ടു മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്ത് നടപ്പാക്കണം. നിക്ഷിപ്ത താല്‍പര്യക്കാരുടെ നിലപാടിന് മാധ്യമങ്ങള്‍ വെള്ളവും വളവും നല്‍കരുത്. അതിന് പ്രാധാന്യം കൊടുക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

