Connect with us

Community

കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റിന് ഉജ്ജ്വല സമാപനം; കെ എല്‍ 10 ലെജന്റ്‌സ് ഓവറോള്‍ ചാമ്പ്യന്‍

Published

on


ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് സംഘടിപ്പിച്ച ഓട്ടോ ഫാസ്റ്റ് ട്രാക്ക് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് 2024-ന് ഉജ്ജ്വല സമാപനം. വിവിധ ഇനങ്ങളിലെ വാശിയേറിയ മത്സരങ്ങളും ഖത്തറിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക കായിക പാരമ്പര്യങ്ങള്‍ വിളിച്ചറിയിച്ച് നടന്ന ടീം പരേഡും കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് 2024നെ ശ്രദ്ധേയമാക്കി.

കേരളത്തിലെ 13 ജില്ലാ ടീമുകള്‍ കളത്തില്‍ ഇറങ്ങിയ വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ 78 പോയന്റുകള്‍ നേടി കെ എല്‍ 10 ലെജന്റ്‌സ് ഓവറോള്‍ ചാമ്പ്യന്‍മാരായി. 72 പോയന്റുകള്‍ നേടി കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ തൃശ്ശൂര്‍ യൂത്ത് ക്ലബ്ബിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് തണ്ടാലേ മുഖ്യാതിഥിയായി പങ്കെടുത്തു. മീറ്റില്‍ പങ്കെടുത്ത ടീമുകള്‍ അണിനിരന്ന വര്‍ണ്ണാഭമായ പരേഡിന്റെ സല്യൂട്ട് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് തണ്ടാലേ സ്വീകരിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് തണ്ടാലേ, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധി ക്യാപറ്റന്‍ ഹമദ് ഹബീബ് അല്‍ ഹാജിരി എന്നിവര്‍ മേളയുടെ ദീപശിഖകള്‍ എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് ക്യാപ്റ്റന്‍ അസീം എം ടിക്കും ലേഡീസ് ക്യാപ്റ്റന്‍ നിത്യ സുബീഷിനും കൈമാറി.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് പതാക ഓര്‍ഗനൈസിംഗ് കമ്മറ്റിയംഗം അബ്ദുറഹീം വേങ്ങേരിക്കും സ്‌പോര്‍ട്‌സ് മീറ്റ് ഔദ്യോഗിക പതാക സുഡാന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ അബ്ദുഅസീസ് സകരിയ്യ സ്‌പോര്‍ട്‌സ് മീറ്റ് ടെക്‌നികല്‍ ഹെഡ് താസീന്‍ അമീനും ഇന്ത്യന്‍ ദേശീയ പതാക ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹ്‌മാന്‍ സ്‌പോര്‍ട്‌സ് മീറ്റ് കോഡിനേറ്റര്‍ അനസ് ജമാലിനും ഖത്തര്‍ പതാക ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദിനും കൈമാറി. സുഡാന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ അബ്ദു അസീസ് സകരിയ്യ മേളയുടെ ട്രോഫി അനാഛാദനം ചെയ്തു.

ഖത്തറിലെ ആദ്യ അന്താരാഷ്ട്ര ഗോള്‍ഫ് താരം യാസ്മിന്‍ അല്‍ ഷര്‍ഷാനി ഐ സി സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ സി സി സെക്രട്ടറി അബ്രഹാം ജോസഫ്, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, കെ എം സി സി പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ്, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, സി ഐ സി പ്രസിഡണ്ട് ടി കെ ഖാസിം, ഇന്ത്യന്‍ അപകസ് ബോഡി മാനേജിംഗ് കമ്മറ്റിയംഗങ്ങളായ റൗഫ് കൊണ്ടോട്ടി, നടുമുറ്റം പ്രസിഡണ്ട് സന നസീം, യൂത്ത്‌ഫോറം പ്രസിഡണ്ട് ബിന്‍ഷാദ് പുനത്തില്‍, ഡോ. മുഹമ്മദ് ബഹാവുദ്ദീന്‍, സഫീര്‍ റഹ്‌മാന്‍ കമ്മ്യൂണിറ്റി സ്‌പോര്‍റ്റ്‌സ് മീറ്റ് ചെയര്‍മാന്‍ ഡോ. താജ് അലുവ, എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ ആര്‍, ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

മീറ്റിനോടനുബന്ധിച്ച് നടന്ന പരേഡില്‍ കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീമുകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ അബാലവൃധം ജനങ്ങളും അണിനിരന്നു. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍, ഖത്തറിന്റെ കായിക നേട്ടങ്ങള്‍, ചെണ്ടമേളം, ആയോധന കലകള്‍, ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, നൃത്തങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ പരേഡിന് കൊഴുപ്പേകി.

പരേഡില്‍ കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒന്നാം സ്ഥാനക്കാരയപ്പോള്‍ കെ എല്‍ 10 ലെജന്റ്‌സ്, തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ദുഹൈലിലെ യൂണിവേഴ്‌സിറ്റി ഓഫ് ദോഹ സയന്‍സ് ആന്റ് ടെക്‌നോളജി ഗ്രൗണ്ടില്‍ 100, 200, 800, 1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ അഞ്ച് കാറ്റഗറികളിലായാണ് മത്സരം നടന്നത്.

കാറ്റഗറി എ യില്‍ കെ എല്‍ 10 ലെജന്റ്‌സിന്റെ മുഹമ്മദ് അന്‍ഷാദും കാറ്റഗറി ബിയില്‍ തൃശ്ശൂര്‍ യൂത്ത് ക്ലബ്ബിന്റെ കണ്ണന്‍ ചെമ്പനും, കാറ്റഗറി സി യില്‍ ഫീനിക്‌സ് പാലക്കാടിന്റെ ലിന്‍സി സുകുമാരനും കാറ്റഗറി ഡിയില്‍ കാലിക്കറ്റിന്റെ അശ്വതി അശോകനും കണ്ണൂര്‍ സ്‌ക്വാഡിന്റെ സൂസന്‍ അബ്രഹാമും വ്യക്തിഗത ചാമ്പ്യന്മാരായി. അവസാന നിമിഷം വരെ മാറി മറഞ്ഞ പോയിന്റ് നിലയില്‍ ഒടുവിലായി നടന്ന വടംവലി മത്സരമാണ് ആദ്യ സ്ഥാനക്കാരെ നിണ്ണയിച്ചത്. വനിതാ വിഭാഗം വടം വലിയില്‍ തൃശ്ശൂര്‍ യൂത്ത് ക്ലബ്ബിനെ തോല്‍പിച്ച് കണ്ണൂര്‍ സ്‌ക്വാഡും പുരുഷ വിഭാഗത്തില്‍ കൊച്ചിന്‍ ടസ്‌കേര്‍സിനെ തോല്പിച്ച് കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ജേതാക്കളായി.

ഇന്ത്യയില്‍ നടന്ന മാസ്റ്റേര്‍സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുത്ത് മെഡല്‍ ജേതാക്കളായി സ്വീഡനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയ സ്‌പോര്‍ട്‌സ് മീറ്റ് താരങ്ങളായ സ്റ്റീസണ്‍ കേ മാത്യു, സിയാഹുല്‍ ഹഖ്, ജെയ്‌സണ ജെയിംസ് എന്നിവരെ മെഡല്‍ നല്‍കി ആദരിച്ചു.

ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഓട്ടോ ഫാസ്റ്റ് ട്രാക് എം ഡി ഷിയാസ് കൊട്ടാരം എന്നിവര്‍ ഓവറോള്‍ ചമ്പ്യന്‍ന്മാര്‍ക്കുള്ള ട്രോഫികള്‍ കൈമാറി. കമ്മ്യൂണിറ്റി സ്‌പോര്‍റ്റ്‌സ് മീറ്റ് ചെയര്‍മാന്‍ ഡോ. താജ് അലുവ, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ ആര്‍, ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി, നടുമുറ്റം പ്രസിഡണ്ട് സന നസീം, കെ ഇ സി പ്രസിഡണ്ട് മജീദ് അലി, സ്‌പോര്‍ടീവ് ക്യാപ്റ്റന്‍ അസീം എം ടി, എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍, ഫിനാന്‍സ് കോഡിനേറ്റര്‍ ഷരീഫ് ചിറക്കല്‍, കൊക്കൂണ്‍ റഫ്രിജറേറ്റര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ അമീന്‍ അബ്ദുറഹ്‌മാന്‍, ഓര്‍ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ റഷീദ് അഹമ്മദ്, നജ്ല നജീബ്, റഷീദ് അലി, സാദിഖ് ചെന്നാടന്‍, അനീസ് റഹ്‌മാന്‍, അബ്ദുറഹീം വേങ്ങേരി, ഷാഫി മൂഴിക്കല്‍, എ സി മുനീഷ്, അനസ് ജമാല്‍, റഷീദ് കൊല്ലം, മുഹമ്മദ് റാഫി, സജ്‌ന സാക്കി, സക്കീന അബ്ദുല്ല, ഷറഫുദ്ദീന്‍ സി, റഹ്‌മത്തുല്ല കൊണ്ടോട്ടി, നിഹാസ് എറിയാട് എന്നിവര്‍ വിവിധ ഇനങ്ങളിലെ ജോതാക്കള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!