Featured
ഈദ് അവധിക്കാലത്ത് അത്യാഹിത കേസുകളുടെ എണ്ണത്തില്‍ കുറവ്

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ പ്രധാന അത്യാഹിത വിഭാഗം, ആംബുലന്‍സ് സര്‍വീസ്, രാജ്യത്തുടനീളമുള്ള പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഈദുല്‍ ഫിത്തര്‍ അവധിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കി. എങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് അടിയന്തര കേസുകളുടെ എണ്ണം കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.


ആംബുലന്‍സ് സേവനത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ 2800-ലധികം കോളുകള്‍ ലഭിച്ചു.
ആംബുലന്‍സ് സേവനത്തിന് ലഭിച്ച കോളുകളില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ ദോഹ മേഖലയില്‍ നിന്നുള്ളവയാണ്. മിക്കതും മെഡിക്കല്‍ അത്യാഹിതങ്ങള്‍ മൂലമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സര്‍വീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ദര്‍വിഷ് പറഞ്ഞു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആറ് പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ അവധിക്കാലത്തിലുടനീളം 24 മണിക്കൂറും പ്രവര്‍ത്തിച്ചു. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ അത്യാഹിതങ്ങളില്‍ സാധാരണ പോലെ 5,000-ത്തിലധികം രോഗികളെ സ്വീകരിച്ചിട്ടുണ്ട്.


അല്‍ സാദിലെ പി ഇ സിയില്‍ 870 രോഗികളും അല്‍ റയ്യാന്‍ സെന്ററില്‍ 428 പേരും എയര്‍പോര്‍ട്ട് സെന്ററില്‍ 147 പേരും അല്‍ വക്ര സെന്ററില്‍ 249 പേരും അല്‍ ദായിന്‍ സെന്ററില്‍ 109 പേരും അല്‍ ഖോര്‍ സെന്ററില്‍ 110 പേരും ചികിത്സ തേടി.
ഹമദ് ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം മൂന്ന് ദിവസങ്ങളിലായി 1780 രോഗികള്‍ക്ക് ചികിത്സ നല്‍കി.


