

കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ നവതരംഗത്തിന് തുടക്കമിട്ട സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു. 78 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രമായ പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, മേള, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, സ്വപ്‌നാടനം, ഇലവങ്കോട് ദേശം, ഉള്‍ക്കടല്‍, കോലങ്ങള്‍, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, ഈ കണ്ണികൂടി തുടങ്ങി ഇരുപതോളം സിനിമകളാണ് കെ ജി ജോര്‍ജ്ജ് സംവിധാനം നിര്‍വഹിച്ചത്. 2016ല്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം നേടിയ കെ ജി ജോര്‍ജ്ജിന് നിരവധി ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ടി കെ രാജീവ്കുമാര്‍ സംവിധാനം നിര്‍വഹിച്ച മമ്മൂട്ടിച്ചിത്രം മഹാനഗരം നിര്‍മിച്ചത് കെ ജി ജോര്‍ജ്ജായിരുന്നു. 2000ല്‍ ദേശീയ ഫിലിം ജൂറി അംഗമായും 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനുമായി പ്രവര്‍ത്തിച്ചു. 2006ല്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷനായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം മാക്ട ചെയര്‍മാനുമായിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ വ്യത്യസ്ത പ്രമേയങ്ങളാണ് കെ ജി ജോര്‍ജ്ജ് അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ വന്‍ ബ്രേക്കുകള്‍ നല്‍കിയ മേള, യവനിക തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിരുന്നു.
1945 മെയ് 24ന് തിരുവല്ലയില്‍ സാമുവല്‍- അന്നമ്മ ദമ്പതികളുടെ മൂത്തമകനായാണ് കെ ജി ജോര്‍ജ്ജ് ജനിച്ചത്. കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ്ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ് ഡി സ്‌കൂള്‍, ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളജ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം. രാമു കാര്യാട്ടിന്റെ സംവിധാന സഹായിയാണ് ചലച്ചിത്ര മേഖലയിലേക്കെത്തിയത്. നെല്ല് സിനിമയ്ക്ക് തിരക്കഥയെഴുതിയത് കെ ജി ജോര്‍ജ്ജായിരുന്നു. ഗായകനും നടുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. അരുണ്‍, താര എന്നിവരാണ് മക്കള്‍.

