

ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക്് ഇന്ന് തുടക്കം. ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മേളയാണ് ഈ വര്‍ഷത്തേത്. അന്താരാഷ്ട്ര പുസ്തക മേളയുടെ 34-ാമത് പതിപ്പാണിത്.

വിശിഷ്ടാതിഥികളായി ഫലസ്തീനില്‍ നിന്നുള്ള 11 ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങളും വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, എംബസികള്‍ എന്നിവയില്‍ നിന്നുള്ള വിശിഷ്ട സാന്നിധ്യവും ഉണ്ടാകും.

സാഹിത്യ സഹകരണം ശക്തിപ്പെടുത്തുക, പ്രസിദ്ധീകരണ അവകാശങ്ങള്‍ കൈമാറുക, ഖത്തറും ആഗോള സാഹിത്യ സമൂഹവും തമ്മിലുള്ള വിവര്‍ത്തന ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രൊഫഷണല്‍ സാഹിത്യ വിനിമയ പരിപാടി ഈ വര്‍ഷം മേളയില്‍ ആരംഭിക്കുമെന്ന് അന്താരാഷ്ട്ര പുസ്തകേള ഡയറക്ടര്‍ ജാസിം അഹമ്മദ് അല്‍ ബുഐനൈന്‍ വിശദീകരിച്ചു.
ദോഹ അന്താരാഷ്ട്ര പുസ്തകമേള അവാര്‍ഡുകളുടെ വിജയികളെ പ്രഖ്യാപിക്കും. മികച്ച പ്രസാധകന്‍ (പ്രാദേശികവും അന്തര്‍ദേശീയവും), മികച്ച കുട്ടികളുടെ പുസ്തക പ്രസാധകന്‍ (പ്രാദേശികവും അന്തര്‍ദേശീയവും), സര്‍ഗ്ഗാത്മക എഴുത്തുകാരന്‍, യുവ ഖത്തറി എഴുത്തുകാരന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങള്‍.
മേളയിലെ പ്രധാന വേദിയില്‍ പ്രമുഖ അറബ് ബുദ്ധിജീവികള്‍ പങ്കെടുക്കുന്ന നിരവധി സാംസ്‌കാരിക- സാഹിത്യ സെമിനാറുകള്‍ നടക്കും. സാംസ്‌കാരിക സലൂണ്‍ ചര്‍ച്ചാ സെഷനുകളും പുസ്തക പ്രകാശന പരിപാടികളും നടത്തും. രണ്ട് ഹാളുകളില്‍ വിവിധ സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍ നടക്കും. മേളയുടെ പ്രസിദ്ധീകരണ ഗൈഡില്‍ ഏകദേശം 166,000 പുസ്തകങ്ങളാണ് പട്ടികപ്പെടുത്തിയത്. മേളയില്‍ ആദ്യമായി സിറിയയില്‍ നിന്നുള്ള ഹാലബൂണി ബുക്ക് മാര്‍ക്കറ്റ് ലൈബ്രറികള്‍ പ്രദര്‍ശിപ്പിക്കും. വിലപ്പെട്ട പുസ്തകങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിക്കും. കൂടാതെ നിരവധി യു കെ പ്രസാധകരുടെ പങ്കാളിത്തവും ഉണ്ടായിരിക്കും. കുട്ടികളുടെ ഏരിയയും തിയേറ്ററും സാംസ്‌കാരികവും സംവേദനാത്മകവുമായ പ്രവര്‍ത്തനങ്ങളുടെ സമ്പന്നമായ പരിപാടിക്ക് ആതിഥേയത്വം വഹിക്കും. കുട്ടികളുടെ സാഹിത്യത്തിലും വിദ്യാഭ്യാസ പുസ്തകങ്ങളിലും വൈദഗ്ദ്ധ്യമുള്ള പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കും.
റീഡിംഗ് ഗൈഡ് സേവനം, ഹെല്‍പ്പ് ഡെസ്‌ക്, പോര്‍ട്ടര്‍ സേവനം, സൗജന്യ പൊതു പാര്‍ക്കിംഗ് എന്നിവയുള്‍പ്പെടെ നിരവധി പൊതു സേവനങ്ങള്‍ മേള നല്‍കുമെന്ന് അല്‍ ബുഐനൈന്‍ അറിയിച്ചു. പ്രധാന സാംസ്‌കാരിക, ബൗദ്ധിക, സാഹിത്യ പരിപാടി, സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഖത്തറില്‍ നിന്നും പുറത്തുനിന്നുമുള്ള എഴുത്തുകാര്‍, പ്രസാധകര്‍, ബുദ്ധിജീവികള്‍, കവികള്‍ എന്നിവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം എന്നിവയില്‍ നിന്ന് പ്രയോജനം നേടുന്നതിന് എല്ലാവരെയും മേള സന്ദര്‍ശിക്കാന്‍ അദ്ദേഹം ക്ഷണിച്ചു. മേള ദിവസവും രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെയും അരങ്ങേറും.
ദോഹ അന്താരാഷ്ട്ര പുസ്തകമേള മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അന്താരാഷ്ട്ര പുസ്തകമേളകളില്‍ ഒന്നാണ്. ഗള്‍ഫ്, അറബ്, അന്താരാഷ്ട്ര പ്രസാധകരുടെ ശക്തമായ പങ്കാളിത്തത്തിന് പേരുകേട്ട ദോഹ അന്താരാഷ്ട്ര പുസ്തക മേള ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ മേല്‍നോട്ടത്തില്‍ 1972ലാണ് ആരംഭിച്ചത്. ആദ്യം രണ്ട് വര്‍ഷത്തിലൊരിക്കലായിരുന്നു പുസ്തകമേള അരങ്ങേറിയിരുന്നത്. 2002 മുതല്‍ ഇത് വാര്‍ഷികമായി.
ലോകമെമ്പാടുമുള്ള പ്രധാന പ്രസാധകരെ ആകര്‍ഷിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ ആദ്യം വെറും 20 പ്രസാധകര്‍ മാത്രമായിരുന്നു പങ്കെടുത്തത്. ഇപ്പോള്‍ 40 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 500ലേറെ പ്രസാധകരാണ് മേളയിലുള്ളത്.
2010 മുതല്‍ മേളയുടെ ഓരോ പതിപ്പിലും ഒരു അതിഥി രാജ്യത്തെ ഉള്‍പ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, തുര്‍ക്കി, ഇറാന്‍, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ്, സൗദി അറേബ്യ, ഒമാന്‍ തുടങ്ങി ഈ വര്‍ഷം ഫലസ്തീനാണ് അതിഥി രാജ്യം.

