
ദോഹ: കാലങ്ങളുടെ അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച ഓള്‍ഡ് ദോഹ പോര്‍ട്ടിന് ഇനി ആറുമാസം നിറപ്പകിട്ടാര്‍ന്ന പരിപാടികളുടെ കാലം. 2025- 26 സീസണിലെ ആറുമാസക്കാലത്തെ ഇവന്റ് കലണ്ടര്‍ ദോഹ ഓള്‍ഡ് പോര്‍ട്ട് പുറത്തിറക്കി.

ഖത്തറിന്റെ കടല്‍പാരമ്പര്യവും സമൂഹത്തിന്റെ സംസ്‌കാരപരവും ചൈതന്യവും ആഘോഷിക്കുന്ന ഫെസ്റ്റിവലുകള്‍, മാരിടൈം അനുഭവങ്ങള്‍, കായിക പ്രകടനങ്ങള്‍ തുടങ്ങിയവ ഈ സീസണില്‍ അവതരിപ്പിക്കും. പ്രധാന ചാമ്പ്യന്‍ഷിപ്പുകളുടെ കേന്ദ്രവും ആരാധകരുടെ തിക്കും തിരക്കുമായി ദോഹ പഴയ തുറമുഖം വര്‍ഷം മുഴുവന്‍ ജീവന്‍ നിറഞ്ഞ വിനോദകേന്ദ്രമാകുകയാണ്.

വിനോദത്തിനും വിനോദസഞ്ചാരത്തിനും കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു വര്‍ഷം മുഴുവന്‍ തുറക്കുന്ന കേന്ദ്രമായാണ് ഓള്‍ഡ് ദോഹ പോര്‍ട്ട് മാറിയത്.
ഖത്തറിന്റെ കടല്‍പാരമ്പര്യത്തിനൊരു പുതുചലനം
2025- 26 കലണ്ടര്‍, വര്‍ഷം മുഴുവന്‍ പ്രവര്‍ത്തന നിരതവും സന്ദര്‍ശകര്‍ക്ക് അപൂര്‍വമായ അനുഭവങ്ങള്‍ ഒരുക്കുപന്നതുമായിരിക്കുമെന്ന് ഓള്‍ഡ് ദോഹ പോര്‍ട്ട് സി ഇ ഒ എഞ്ചിനീയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുല്ല പറഞ്ഞു. സമൂഹത്തെ ശക്തിപ്പെടുത്തുകയും വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ പ്രമുഖ വിനോദ കേന്ദ്രമായി പോര്‍ട്ടിനെ കൂടുതല്‍ ഉറപ്പാക്കുകയും ചെയ്യുന്നതിലാണ് തങ്ങളുടെ ശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിഫ അറബ് കപ്പ് 2025: തുറമുഖത്ത് ആഘോഷങ്ങളുടെ തിരമാല
ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2025-നെ സ്വാഗതം ചെയ്യാന്‍ ഓള്‍ഡ് ദോഹ പോര്‍ട്ട് സജ്ജമാണ്. ടൂര്‍ണമെന്റിനോടനുബന്ധിച്ചുള്ള സജീവ പ്രവര്‍ത്തനങ്ങള്‍, ഫാന്‍ സോണുകള്‍, പ്രകടനങ്ങള്‍ എന്നിവ പോര്‍ട്ടിനെ കായിക കേന്ദ്രമായി മാറ്റും.
യാച്ച് ഉടമകള്‍ക്ക് പ്രത്യേക ബെര്‍ത്തിംഗ് പാക്കേജും അറബ് കപ്പ് മത്സരങ്ങളിലേക്ക് പ്രത്യേക ടിക്കറ്റുകളും പുതിയ മിനകോം ഡിജിറ്റല്‍ സേവനത്തിലൂടെ ലളിതമായ എന്‍ട്രി- എക്‌സിറ്റ് സംവിധാനവും ഉള്‍പ്പെടെ നിരവധി പുതുമകള്‍ പോര്‍ട്ടിനെ ആഡംബര യാച്ചുകളുടെയും അന്താരാഷ്ട്ര സന്ദര്‍ശകരുടെയും ആകര്‍ഷണ കേന്ദ്രമാക്കും.
മിന ജില്ലയിലും മിന പാര്‍ക്കിലും ഫാന്‍ സോണുകള്‍
അല്‍കാസ് സ്‌പോര്‍ട്‌സ് ചാനലിന്റെ പ്രശസ്ത സ്റ്റുഡിയോ പ്രോഗ്രാം അല്‍ മജ്‌ലിസ് ഈ സീസണില്‍ ഓള്‍ഡ് ദോഹ പോര്‍ട്ടിലെത്തും. അതോടൊപ്പം, കണ്ടടെയിനേഴ്‌സ് യാര്‍ഡിന് എതിര്‍വശത്തുള്ള മിന പാര്‍ക്ക് ആഘോഷങ്ങളുടെ കേന്ദ്രമായി പൂര്‍ണമായും പുതുക്കി തീര്‍ക്കും. വമ്പന്‍ സ്‌ക്രീനുകളില്‍ ലൈവ് മത്സരങ്ങള്‍, ഷോകള്‍, ഫാമിലി ആക്ടിവിറ്റികള്‍, തെരുവ് പ്രകടനങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്കായി ഒരുക്കും.
ഡിസംബര്‍ 17 മുതല്‍ 19 വരെ തുറമുഖ മേഖലയില്‍ അല്‍ രാസ്ത ഫെസ്റ്റിവലിന്റെ താളപ്പെരുക്കമായിരിക്കും. ശബ്ദവും വര്‍ണങ്ങളും നിറഞ്ഞ സാംസ്‌കാരിക ഉത്സവമായിരിക്കും അല്‍ രാസ്ത ഫെസ്റ്റിവല്‍.
ശീതകാലത്തെ ആഗോള നിലവാരമുള്ള അനുഭവങ്ങള്‍
ശൈത്യകാലത്ത് തുറമുഖം ഖത്തറിന്റെ പ്രധാനപ്പെട്ട മികച്ച പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും. വേള്‍ഡ് അറേബ്യന്‍ ഹോഴ്‌സ് ചാംപ്യന്‍ഷിപ്പ് ഖത്തര്‍ 2025, ഡിജിറ്റല്‍ ക്രിയേറ്റര്‍ അവാര്‍ഡ്‌സ്, പോളോ അല്‍ മര്‍സ തുടങ്ങിയ പരിപാടികള്‍ തുറമുഖത്തെ ശീതകാല വിനോദങ്ങളുടെ കേന്ദ്രമാക്കി മാറ്റും.
ദേശീയ ആഘോഷങ്ങള്‍ക്കും കായികദിനത്തിനും പ്രത്യേക ഒരുക്കങ്ങള്‍
ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാട്ടര്‍ഫ്രണ്ട് നിറങ്ങളാല്‍ മൂടപ്പെടും. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ആരോഗ്യബോധം വളര്‍ത്തുന്ന വ്യത്യസ്ത കായികവിനോദ പ്രവര്‍ത്തനങ്ങളും സമൂഹ പങ്കാളിത്തവും ദോഹ പഴയ തുറമുഖം ശക്തിപ്പെടുത്തും.
റമദാനിന്റെ ആത്മീയതയും പരമ്പരാഗത വേളകളും
റമദാന്‍ മാസത്തില്‍ മുസഹര്‍ അല്‍ മിന, ഇഫ്താന്‍ പീരങ്കി, ഗരന്‍ഗാവോ ആഘോഷം, വദാഅ റമദാന്‍ തുടങ്ങി നിരവധി പരിപാടികള്‍ ദോഹ ഓള്‍ഡ് പോര്‍ട്ടില്‍ ഒരുക്കും. കൂടാതെ ഖത്തറിന്റെ പാചകപാരമ്പര്യത്തിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്ന ഭക്ഷ്യമേളയും അരങ്ങേറും. ഈദുല്‍ ഫിത്‌റും ഈദുല്‍ അദ്ഹയും ദോഹ പഴയ തുറമുഖത്ത് വിപുലമായി ആഘോഷിക്കും.
മത്സ്യബന്ധന മേളയും ബോട്ട് ഷോയും
മാര്‍ച്ച് അവസാനം ഫിഷിംഗ് എക്‌സിബിഷനും മത്സരങ്ങളും നടക്കും. ആദ്യ പതിപ്പില്‍ മികച്ച പ്രതികരണമാണ് ഈ പരിപാടിക്ക് ലഭിച്ചത്. ഖത്തറിന്റെ കടല്‍ പൈതൃകവും സമുദായ ബന്ധവും പ്രതിഫലിപ്പിക്കുന്ന ഈ മേള, ആഭ്യന്തര മത്സ്യബന്ധന രംഗത്തെ പിന്തുണയ്ക്കുന്ന ഒരു പ്രധാന വേദിയായിരിക്കും.
മെയ് മാസം മിന പ്രി ഓണ്‍ഡ് ബോട്ട് ഷോ കുടുംബങ്ങള്‍ക്കും മറൈന്‍ പ്രേമികള്‍ക്കും പ്രിയപ്പെട്ട പരിപാടിയായി വീണ്ടും വരും. മറൈന്‍ ഉപകരണങ്ങളുടെ പ്രദര്‍ശനങ്ങള്‍, മികച്ച വിലകള്‍, കോസ്റ്റല്‍ ലൈഫ്സ്‌റ്റൈലുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ തുടങ്ങിയവയെല്ലാം മിന കൊര്‍ണിഷില്‍ ഒരുങ്ങും.
സംസ്‌കാരവും കടല്‍പാരമ്പര്യവും കായികവും ഇടനില കൊള്ളുന്ന തുറമുഖം
ഈ സമ്പന്നമായ ഇവന്റ് കലണ്ടറിലൂടെ, ഓള്‍ഡ് ദോഹ പോര്‍ട്ട് ദോഹയുടെ സവിശേഷമായ വാട്ടര്‍ഫ്രണ്ടിനെ സാംസ്‌കാരികവും കായികവുമായും വിനോദപരവുമായും അനുഭവങ്ങളുടെ കേന്ദ്രമായി മാറ്റും. ഖത്തറിന്റെ പാരമ്പര്യവും സമകാലികതയും ഒന്നിച്ച് ഒത്തുചേരുന്ന ഈ തുറമുഖം വര്‍ഷം മുഴുവന്‍ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായാണ് വീണ്ടും ഉയരുന്നത്.

