Connect with us

Community

ദുബൈ അന്താരാഷ്ട്ര സമ്മേളനം: ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും

Published

on


ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 12 വരെ ദുബൈയില്‍ നടക്കുന്ന പത്താമത് അന്താരാഷ്ട്ര അറബിഭാഷാ സമ്മേളനത്തിലേക്ക് പ്രമുഖ അറബി ഭാഷാ പണ്ഡിതനും കൊല്ലം ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അറബിക് പി ജി അക്കാദമിക് കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം.

ഇന്ത്യയില്‍ അറബിഭാഷാ പ്രചാരണരംഗത്ത് ഡോ. ഹുസൈന്‍ മടവൂര്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്. സമ്മേളനത്തില്‍ ആധുനിക ലോകത്ത് അറബി ഭാഷയുടെ നൂതന സാധ്യതകളെക്കുറിച്ച് അറുപതോളം പ്രബന്ധങ്ങള്‍ വിവിധ വേദികളില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കും. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലേറെ ഭാഷാപണ്ഡിതന്മാര്‍ പങ്കെടുക്കും.

സാഹിത്യം, കല, ചരിത്രം, സംസ്‌കാരം, ശാസ്ത്രം എന്നിവക്ക് പുറമെ തൊഴില്‍ മേഖലയിലും ഗവേഷണ രംഗത്തും അറബി ഭാഷയുടെ അനന്ത സാധ്യതകളാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്.
എന്നാല്‍ ഈ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ വേണ്ടത്ര അവബോധം സൃഷ്ടിക്കാന്‍ സാധ്യമായിട്ടില്ല.

പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് അറബി ഭാഷാപഠനം ഇനിയും പരിഷ്‌കരിക്കേണ്ടതുണ്ട്. അതിനായി നിര്‍മ്മിത ബുദ്ധിയുള്‍പ്പെടെയുള്ള ആധുനിക മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സമ്മേളത്തിലുണ്ടാവും.

ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളെജ് പ്രിന്‍സിപ്പാള്‍ ആയി വിരമിച്ച ഡോ. ഹുസൈന്‍ മടവൂര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, ചെന്നൈ ബി എസ് എ യൂണിവേഴ്‌സിറ്റി തുടങ്ങിയവയില്‍ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കേന്ദ്ര സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ യു ജി സിയുടെ റിസോഴ്‌സ് പേഴ്‌സനായും ഗസ്റ്റ് ലക്ചറര്‍ ആയും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഭാഷാ വികസന സമതിയില്‍ അറബി ഭാഷാ വിദഗ്ധ കമ്മിറ്റിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സംസ്ഥാനതല കോ ഓഡിനേറ്ററും കേരള സംസ്ഥാന സാക്ഷരതാ സമിതിയില്‍ അംഗവുമായിരുന്നു. ഡല്‍ഹി ആസ്ഥാനമായി ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച് ആര്‍ ഡി എഫ്) ചെയര്‍മാനും മലബാര്‍ എജ്യുസിറ്റി പ്രസിഡന്റും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയും ഉപദേശകസമിതി അംഗവുമാണ്.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ലോക ഭാഷകളിലൊന്നാണ് അറബി. പ്രശ്‌സത സാഹിത്യകാരന്‍ നജീബ് മഹ്ഫൂസിന്ന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതോടെ അറബി സാഹിത്യം ലോക സാഹിത്യ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
22 രാഷ്ട്രങ്ങളുടെ ഒന്നാം ഭാഷയും പത്തോളം രാജ്യങ്ങളിലെ രണ്ടാം ഭാഷയുമാണ് അറബി. അത് അവിടങ്ങളിലുളള നാല്പത് കോടിയിലധികം വരുന്ന ജനങ്ങളുടെ മാതൃഭാഷയാണത്. കൂടാതെ എല്ലാ രാഷ്ട്രങ്ങളിലും അറബി ഭാഷയറിയുന്ന ധാരാളമാളുകളുമുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ പെട്രോളിയം കണ്ടുപിടിച്ചതോടെ അറബി പഠിച്ചവര്‍ക്കുള്ള തൊഴില്‍ സാധ്യത വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രവാസികളധികവും അറബ് നാടുകളിലാണുള്ളത്.

2012ല്‍ ഐക്യരാഷ്ട്രസഭ ഡിസംബര്‍ 18ന് അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി ഈ ദിനം സമുചിതമായി ആഘോഷിക്കാന്‍ ഫാറൂഖ് കോളെജില്‍ നേതൃത്വം നല്‍കിയത് ഡോ. ഹുസൈന്‍ മടവൂര്‍ ആയിരുന്നു. ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം പഠനവിധേയമാക്കാനും ശക്തിപ്പെടുത്താനും രൂപീകൃതമായ ഇന്തോ- അറബ് ലീഗിന്റെ ദേശീയ സമിതി സെക്രട്ടറി ജനറല്‍ കൂടിയാണദ്ദേഹം.

സൗദി അറേബ്യയിലെ കിങ് സല്‍മാന്‍ അറബി ഭാഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഭാഷാ പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹം
നിരവധി ആഗോള വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളെജ്, സൗദി അറേബ്യയിലെ മക്കാ ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തിയ ഡോ. മടവൂര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ അറബി ഭാഷാ പഠനത്തിന് സര്‍ക്കാര്‍ തലത്തില്‍ വലിയ പ്രോത്സാഹനങ്ങളാണുള്ളതെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇക്കാര്യം ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ സമ്മേളനം ഉപകാരപ്പെടും. ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന സ്‌കൂള്‍ സിലബസ്സുകളില്‍ അറബി ഭാഷയുണ്ട്. യൂണിവേഴ്‌സിറ്റികളിലും കോളെജുകളിലും പി എച്ച് ഡി തലം വരെ അറബി ഭാഷാ പഠനമുണ്ട്.

കേരളത്തില്‍ ആദ്യമായി ആരംഭിച്ച ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റിയില്‍ ആദ്യ വര്‍ഷം തന്നെ ബി എ അറബിക്, എം എ അബിക്ക്, ബി എ അഫ്‌സലുല്‍ ഉലമ അറബിക് തുടങ്ങിയ കോഴ്‌സുകള്‍ തുടങ്ങിയതായി അറബിക് പി ജി അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ദുബൈ അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചത് കേരളത്തിലെ അറബിഭാഷാ പ്രേമികള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.


error: Content is protected !!