ദുബായില്‍ ഇ സ്‌കൂട്ടറിനും പെര്‍മിറ്റ് വരുന്നു

Web Desk
2 Min Read

ദുബായ്: ദുബായില്‍ ഇ- സ്‌കൂട്ടറിനും പെര്‍മിറ്റ് വരുന്നു. ഈ മാസം അവസാനത്തോടെ ദുബായ് ഇ- സ്‌കൂട്ടര്‍ പെര്‍മിറ്റ് നല്‍കിത്തുടങ്ങുമെന്നു റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) പ്രഖ്യാപിച്ചു. എന്നാല്‍ പ്രാദേശിക, രാജ്യാന്തര ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കു പെര്‍മിറ്റ് ആവശ്യമില്ല.

city exchange

ഉപയോക്താക്കള്‍ക്കു സൗജന്യ പെര്‍മിറ്റിനായി വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പരിശീലന കോഴ്‌സുകളില്‍ പങ്കെടുക്കുകയും ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കുകയും ചെയ്യുന്നവര്‍ക്കാണ് അനുമതി ലഭിക്കുക. ചില പ്രത്യേക പ്രദേശങ്ങളിലെ സുരക്ഷിതമായ റോഡുകളില്‍ സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ പെര്‍മിറ്റ് നേടേണ്ടതാണ്.

സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചും ഓടിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കാന്‍ ആര്‍ ടി എ ക്യാംപെയിന്‍ ആരംഭിക്കും. ഈ മാസം 13 മുതല്‍ ദുബായിലുടനീളമുള്ള 10 ജില്ലകളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അനുവദിക്കും.

- Advertisement -
Ad image

2020 ഒക്ടോബറില്‍ ആരംഭിച്ച ഇ- സ്‌കൂട്ടറുകളുടെ ട്രയല്‍ ഓപറേഷന്റെ വന്‍ വിജയത്തിനു ശേഷമാണ് ഈ നടപടിയെന്ന് ആര്‍ ടി എയും ദുബായ് പൊലീസും പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ജുമൈറ ലേയ്ക്‌സ് ടവേഴ്‌സ്, ദുബായ് ഇന്റര്‍നെറ്റ് സിറ്റി, അല്‍ റിഗ്ഗ, ഡിസംബര്‍ 2 സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവയാണു പ്രാരംഭ ഘട്ടത്തില്‍ ഉള്‍പ്പെടുന്നതെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. ഖിസൈസ്, മന്‍ഖൂല്‍, കരാമ എന്നിവിടങ്ങളിലെ നിര്‍ദിഷ്ട സോണുകള്‍ക്കുള്ളിലെ സുരക്ഷിതമായ റോഡുകളും ട്രാക്കുകളും സൈഹ് അസ്സലാം, അല്‍ ഖുദ്ര, മെയ്ദാന്‍ എന്നിവയൊഴികെ ദുബായിലുടനീളമുള്ള സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമായി നിര്‍ദേശിച്ച 167 കിലോമീറ്റര്‍ നീളമുള്ള ട്രാക്കുകളും ഉള്‍ക്കൊള്ളുന്നു.

നിര്‍ദ്ദിഷ്ട ജില്ലകളിലെ ഇ- സ്‌കൂട്ടര്‍ വാടക രണ്ട് ഇന്റര്‍നാഷണല്‍ (ടയര്‍ ആന്‍ഡ് ലൈം), രണ്ട് ലോക്കല്‍ (അര്‍ണാബ്, സ്‌കര്‍ട്ട്) എന്നിങ്ങനെ നാലു കമ്പനികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. രണ്ടായിരം ഇ- സ്‌കൂട്ടറുകളെങ്കിലും കമ്പനികള്‍ വിന്യസിക്കുമെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷണ ഘട്ടത്തില്‍, നാല് ഓപറേറ്റര്‍മാര്‍ക്കും 82 ശതമാനം വരെ ഉപയോഗ സംതൃപ്തി റേറ്റിങ് ലഭിച്ചു.

വാഹനങ്ങളുടെയോ കാല്‍നടയാത്രക്കാരുടെയോ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുന്നതോ റോഡ് ഉപയോക്താക്കള്‍ക്ക് അപകടസാധ്യത ഉണ്ടാക്കുന്നതോ ആയ ഇടങ്ങളില്‍ ഇ- സ്‌കൂേര്‍ പാര്‍ക്ക് ചെയ്താല്‍ 200 ദിര്‍ഹം പിഴ ലഭിക്കും. ദുബായിലെ ഇ- സ്‌കൂട്ടറുകള്‍ അനുവദിച്ച സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യണം. അനുവദനീയമായ പ്രദേശങ്ങളില്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗത സ്റ്റേഷനുകള്‍ക്ക് സമീപവുമാണ്. താമസക്കാരെയും സന്ദര്‍ശകരെയും ഇ സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ഈയിടെ പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തില്‍ ഇ- സ്‌കൂട്ടറുകള്‍ ആര്‍ ടി എ നിശ്ചയിക്കുന്ന അനുവദനീയമായ പ്രദേശങ്ങളിലും ട്രാക്കുകളിലും മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നു. നടപ്പാതകളിലോ ഓടുന്ന ട്രാക്കിലോ അവരെ അനുവദിക്കില്ല. ബാറ്ററി കത്തിയുള്ള അപകടങ്ങളും പതിവ് സാങ്കേതിക തകരാറുകളും ഒഴിവാക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള ഇ- സ്‌കൂട്ടറുകള്‍ തിരഞ്ഞെടുക്കാന്‍ ആര്‍ ടി എ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!