
ദോഹ: ഖത്തറിലെ എന്‍ഡോവ്മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ ചന്ദ്രദര്‍ശന സമിതി വ്യാഴാഴ്ച മാര്‍ച്ച് 19 റമദാന്‍ മാസത്തിലെ 30-ാമത്തെയും അവസാനത്തെയും ദിവസമാണെന്നും ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച ആയിരിക്കുമെന്നും പ്രഖ്യാപിച്ചു.

ബുധനാഴ്ച വൈകുന്നേരം മന്ത്രാലയ ആസ്ഥാനം കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് സമിതി ഈ പ്രഖ്യാപനം നടത്തിയത്.

പുതിയ ശവ്വാല്‍ മാസത്തിന്റെ ചന്ദ്രപ്പിറവി സായാഹ്നത്തില്‍ കാണാനായില്ലെന്നും അതിനാല്‍ ഖത്തറില്‍ ഈദുല്‍ ഫിത്വറിന്റെ ആദ്യദിനം 2026 മാര്‍ച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈദുല്‍ ഫിത്വര്‍ എത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍ താനി എന്നിവര്‍ക്കും ഖത്തര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കും സമിതി ആശംസകള്‍ നേര്‍ന്നു.

