

ഷാര്‍ജ: ബഹുസ്വരതയെ ഉള്‍ക്കൊള്ളലാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമെന്ന് കേരളാ തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. ഹൃസ്വസന്ദര്‍ശനത്തിനായി യു എ ഇയില്‍ എത്തിയ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹ്മദ് ദേവര്‍കോവിലിന് ഐ എം സി സി യു എ ഇ സെന്‍ട്രല്‍ കമ്മറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാര്‍ഥമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ഐ എം സി സി പ്രസിഡണ്ട് കുഞ്ഞാവുട്ടി ഖാദര്‍ അധ്യക്ഷത വഹിച്ചു.

ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ഐ എന്‍ എല്‍ സെക്രട്ടറി എം എ ലത്തീഫ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ എ റഹീം, ഒഡെപെക് ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍, നോര്‍ക്ക ഡയറക്ടര്‍ ആര്‍ പി മുരളി, എന്‍ ടി വി ചെയര്‍മാന്‍ മാത്തുക്കുട്ടി, അനീഷ് റഹ്മാന്‍ നീര്‍വേലി, താഹിറലി പൊറപ്പാട്, അഷ്‌റഫ് തച്ചറോത്ത്, അബ്ദുല്‍ റഹ്മാന്‍ കളനാട്, മുസ്തു ഏറിയാല്‍ സംസാരിച്ചു. ഐ എം സി സി ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ് സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മനാഫ് കുന്നില്‍ നന്ദിയും പറഞ്ഞു.

