പ്രവാസികള്‍ക്ക് പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ വേണം: ഐ സി എഫ്

Web Desk
2 Min Read

അബൂദാബി: പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് പുതിയതും അത്യാവശ്യവുമായ ഡിജിറ്റല്‍, ക്ഷേമ സേവനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) കേരള മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

city exchange

ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി അബൂദാബിയിലെത്തിയ മുഖ്യമന്ത്രി വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഐ സി എഫ് ഈ സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. പ്രവാസി ക്ഷേമത്തില്‍ കേരളം മികച്ച പുരോഗതി നേടിയിട്ടുണ്ടെങ്കിലും വിവിധ വിഷയങ്ങളില്‍ പ്രായോഗികമായ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടി.

ഭൂമി ഇടപാടുകള്‍ക്ക് ‘വിര്‍ച്വല്‍ റവന്യൂ ഓഫീസ്’ ആരംഭിക്കണമെന്നതാണ് ഐ സി എഫ് മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. പ്രവാസികള്‍ക്ക് ഭൂമി സംബന്ധമായ എല്ലാ റവന്യൂ സേവനങ്ങളും (ഭൂനികുതി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ടൈറ്റില്‍ വെരിഫിക്കേഷന്‍, പോക്കുവരവ്) കേരളത്തില്‍ നേരിട്ട് ഹാജരാകാതെ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ സംവിധാനം ഒരുക്കണം. ഇതിനായി പ്രാദേശിക തഹസില്‍ദാറുമായി വീഡിയോ കണ്‍സള്‍ട്ടേഷനുള്ള സൗകര്യം, സുരക്ഷിതമായ ഡിജിറ്റല്‍ ഒപ്പ്, ഇ-നോട്ടറി അംഗീകാരം എന്നിവ ഏര്‍പ്പെടുത്താവുന്നതാണ്. ഈ സംവിധാനം ഇടനിലക്കാരുടെ ഇടപെടലും കാലതാമസവും ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ഐ സി എഫ് ചൂണ്ടിക്കാട്ടി. നോര്‍ക്കയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ‘പ്രവാസി സ്മാര്‍ട്ട് ഐ ഡി’ പ്രവാസികള്‍ക്ക് നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പാസ്പോര്‍ട്ടും ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച ഈ ഐ ഡി വഴി ക്ഷേമ പദ്ധതികള്‍, ധനസഹായങ്ങള്‍, പരാതി പരിഹാരങ്ങളുടെ ട്രാക്കിങ് എന്നിവ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കണം. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് നിലവിലെ സമയപരിധി പ്രവാസി വോട്ടര്‍മാര്‍ക്ക് മതിയാകുന്നില്ലെന്ന ആശങ്കയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

- Advertisement -
Ad image

പ്രവാസി കുടുംബങ്ങളെ സഹായിക്കുന്നതിന് എല്ലാ കളക്ടറേറ്റുകളിലും ജില്ലാ എന്‍ ആര്‍ ഐ ഫാമിലി ഡെസ്‌കുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകളും പ്രവാസി പ്രതിനിധികളും തമ്മില്‍ പതിവായ ഡിജിറ്റല്‍ മീറ്റിങ്ങുകള്‍ (വിര്‍ച്വല്‍ പ്രവാസി സഭ) സംഘടിപ്പിക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

ഈ നിര്‍ദേശങ്ങള്‍ കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രവാസി സൗഹൃദ സംസ്ഥാനമായി ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും പൈലറ്റ് പ്രൊജക്റ്റുകള്‍ നോര്‍ക്കയുടെ ഏകോപനത്തില്‍ ഉടന്‍ ആരംഭിക്കണമെന്നും ഐ സി എഫ് അഭ്യര്‍ഥിച്ചു.

നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. വിര്‍ച്വല്‍ റവന്യൂ ഓഫീസ്, ഇ-പവര്‍ ഓഫ് അറ്റോര്‍ണി, പ്രവാസി സ്മാര്‍ട്ട് ഐ ഡി, വിര്‍ച്വല്‍ പ്രവാസി സഭ എന്നിവ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി. ഇവയില്‍ ചിലത് നടപ്പാക്കി വരുന്നുണ്ടെങ്കിലും കൂടുതല്‍ വിപുലീകരിച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി.

മന്ത്രി സജി ചെറിയാന്‍, കേരളാ ചീഫ് സെക്രട്ടറി എന്നിവരും സംബന്ധിച്ചു. ഐ സി എഫിനെ പ്രധിനിധീകരിച്ചു ഇന്റര്‍നാഷണല്‍ സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!