
ദോഹ: ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കണ്ണി ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് ഒരു വര്‍ഷമായി നടത്തിവരുന്ന സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ സെപ്തംബര്‍ 30ന് വെള്ളിയാഴ്ച സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റയ്യാന്‍ പ്രൈവറ്റ് സ്‌കൂള്‍ കാംപസില്‍ നടക്കുന്ന സമാപനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങളും എക്‌സിബിഷന്‍, ലോകകപ്പിന്റെ നാളിതുവരെയുള്ള ചരിത്രം ഉള്‍ക്കൊള്ളിച്ച കൊളാഷ് പ്രദര്‍ശനം, ദോഹയിലെ കലാകാരന്മാരുടെ കലാവിരുന്ന, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവയുണ്ടാകും.

ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പെനാല്‍ട്ടി കിക്കില്‍ 2022 പേര്‍ പങ്കാളികളാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കും.


കാര്‍ണിവല്‍ സമാപനത്തിന്റെ ഭാഗമായി ഖത്തറിലെ മുന്‍നിര പ്രവാസി ടീമുകള്‍ മാറ്റുരക്കുന്ന വിവിധ ടൂര്‍ണമെന്റുകള്‍ നടക്കും. 32 ടീമുകളുടെ പെനാല്‍ട്ടി ഷൂട്ടൗട്ട്, 16 ടീമുകളുടെ പുരുഷ, വനിതാ വടംവലി, 16 ടീമുകളുടെ ബോക്‌സ് ക്രിക്കറ്റ്, 23 കാറ്റഗറികളിലായി ബാഡ്മിന്റണ്‍ പുരുഷ- വനിതാ പ്ഞ്ചഗുസ്തി ടൂര്‍ണമെന്റുകള്‍ അരങ്ങേറും. വിജയികള്‍ക്ക് മെഡലുകളും ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. കാണികളായെത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായൊരുക്കുന്ന ഗെയിം സോണില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ഫാന്‍സ് ഗ്രൂപ്പുകള്‍ക്കായി പ്രത്യേക പവലിയനുകളും സജ്ജീകരിക്കും.
കാര്‍ണിവലിന്റെ ഭാഗമായി ഒരു മാസത്തോളമായി നടന്നുവരുന്ന വെയ്റ്റ് ലോസ് ചലഞ്ച് വിജയികളെ പ്രഖ്യാപിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായി വിജയികള്‍ക്ക് സ്വര്‍ണ നാണയം സമ്മാനിക്ുകം.
കാര്‍ണിവലിന്റെ ഭാഗമായി ഇന്റര്‍ ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍, ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്ബാള്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയ 16 ടീമുകളുടെ ഫാന്‍സ് ഗ്രൂപ്പുകള്‍ അണിനിരന്ന ഫാന്‍സ് കപ്പ് എന്നിവ നേരത്തെ സംഘടിപ്പിച്ചിരുന്നു.
ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ പ്രവാസി കൂട്ടായ്മകളുടേയും സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടേയും ടീമുകളെ പങ്കെടുപ്പിച്ച് വര്‍ഷങ്ങളായി എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രവാസി കായിക മേളയുടെ തുടര്‍ച്ചയായാണ് ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വമരുളുന്ന ഈ വര്‍ഷം പ്രത്യേകമായി കാര്‍ണിവല്‍ സംഘടിപ്പിച്ചത്. കാര്‍ണിവല്‍ സമാപന പരിപാടിയില്‍ ഖത്തറിലെ കായിക രംഗത്തെ പ്രമുഖരും ഇന്ത്യന്‍ എംബസി അപക്‌സ്‌ബോഡി ഭാരവാഹികളും അതിഥികളായി പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എക്‌സ്പാറ്റ് സ്‌പോട്ടീവ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ഇസൂസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണി, കെയര്‍ ആന്റ് ക്യുവര്‍ ചെയര്‍മാന്‍ ഇ പി അബ്ദുറഹ്മാന്‍, എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹീം വേങ്ങേരി, കള്‍ച്ചറല്‍ ഫോറം സ്‌പോര്‍ട്‌സ് വിംഗ് സെക്രട്ടറി അനസ് ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

