

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷനെ (എ ഐ എഫ് എഫ്) ഫിഫ സസ്‌പെന്റ് ചെയ്തു. അനാവശ്യമായ രാഷ്ട്രീയ ഇടപെടലാണ് കാരണം. ഫിഫയുടെ തീരുമാനം ഉടന്‍ പ്രാബല്യത്തിലായി. ഇതോടെ ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് അനിശ്ചിതത്വത്തിലായി.

ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷനില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ മൂന്നംഗ സമിതിയെ സുപ്രിം കോടതി മെയ് മാസത്തിലാണ് നിയോഗിച്ചത്. തീര്‍പ്പു കല്‍പ്പിക്കാതെ 18 മാസമായി കിടന്നിരുന്ന തെരഞ്ഞെടുപ്പ് പ്രശ്‌നങ്ങളിലാണ് സുപ്രിം കോടതി ഇടപെട്ടത്. ഇതുകൂടാതെ എ ഐ എഫ് എഫിനെ സുപ്രിം കോടതി പിരിച്ചു വിടുകയും കായിക രംഗം നിയന്ത്രിക്കാനും ഫെഡറേഷന്റെ ഭരണഘടന ഭേദഗതി ചെയ്യാനും ഉത്തരവിട്ടിരുന്നു.

സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് ഫിഫയും ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനും എ എഫ് സി ജനറല്‍ സെക്രട്ടറി വിന്‍ഡ്‌സര്‍ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം എ ഐ എഫ് എഫ് സംഘത്തെ കാണുകയും ജൂലായ് അവസാനത്തോടെ എ ഐ എഫ് എഫ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് സെപ്തംബറോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പ്രാവര്‍ത്തികമായിരുന്നില്ല.
എ ഐ എഫ് എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരം ഏറ്റെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കിയാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു.
2020 ഡിസംബറോടെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് അത് നടക്കാതെ പോവുകയായിരുന്നു. ഫിഫ ചട്ടങ്ങള്‍ പ്രകാരം അംഗ ഫെഡറേഷനുകള്‍ അതത് രാജ്യങ്ങളിലെ നിയമപരവും രാഷ്ട്രീയവുമായ ഇടപെടലുകളില്‍ നിന്ന് മുക്തമായിരിക്കണം.

