
ദോഹ: ബലിപെരുന്നാള്‍ അവധിയും ഹജ്ജ് സീസണും മുന്നില്‍ക്കണ്ട് ദോഹയിലെത്തുന്ന യാത്രക്കാരുടെ സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് പ്രത്യേക പ്രവര്‍ത്തന ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഇമിഗ്രേഷന്‍, ബാഗേജ് സര്‍വീസ്, ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയത്.

ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് യോഗ്യരായ യാത്രക്കാര്‍ അറൈവല്‍ ഇമിഗ്രേഷന്‍ ഹാളിലെ ‘സ്‌കാന്‍ ആന്‍ഡ് ഗോ’ ഇ-ഗേറ്റുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സേവനം ഉപയോഗിക്കുന്നതിന് കുറഞ്ഞത് 130 സെന്റിമീറ്റര്‍ ഉയരം ഉണ്ടായിരിക്കണം.

വീല്‍ചെയര്‍, ബേബി സ്ട്രോളര്‍ തുടങ്ങിയ വലിപ്പമേറിയതോ പ്രത്യേക ആകൃതിയിലുള്ളതോ ആയ ബാഗേജുകള്‍ പ്രത്യേകം സജ്ജമാക്കിയ എ, ബി റിക്ലെയിം ബെല്‍റ്റുകളിലായിരിക്കും ലഭ്യമാകുക. ഹജ്ജ് നിര്‍വഹിച്ച് മടങ്ങുന്ന തീര്‍ഥാടകര്‍ക്ക് ചെക്ക്-ഇന്‍ ചെയ്ത സംസം വെള്ളം നിശ്ചിത റിക്ലെയിം ബെല്‍റ്റുകളില്‍ നിന്ന് കൈപ്പറ്റാനാകും. ഇതിനായി ജീവനക്കാരുടെ സഹായവും ലഭ്യമാകും.
പൊട്ടാന്‍ സാധ്യതയുള്ള സാധനങ്ങള്‍ കഴിയുന്നത്ര ഹാര്‍ഡ് ഷെല്‍ ലഗേജുകളില്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യണമെന്നും ബാഗേജ് റിക്ലെയിം ഏരിയ വിടുന്നതിന് മുമ്പ് ലഗേജുകളുടെ ഉടമസ്ഥാവകാശം ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. താമസ സ്ഥലത്തെത്തുന്നതുവരെ ബാഗേജ് ടാഗുകള്‍ സൂക്ഷിക്കണമെന്നും അറിയിച്ചു. ബാഗേജ് സംബന്ധമായ സഹായങ്ങള്‍ക്കായി അറൈവല്‍ ഹാളിലുള്ള ബാഗേജ് സര്‍വീസ് ഓഫിസിനെ സമീപിക്കാം.
ദോഹ നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഗതാഗത സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. അറൈവല്‍ ഹാളിന്റെ ഇരുഭാഗങ്ങളിലുമായി ബസ് പവിലിയനും ടാക്‌സി പവിലിയനും പ്രവര്‍ത്തിക്കും.
ഉബര്‍, ബദര്‍ഗോ, റൈഡ് എന്നിവ ഉള്‍പ്പെടെയുള്ള അംഗീകൃത റൈഡ് ഷെയര്‍ സര്‍വീസുകള്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് മേഖലയിലെ പ്രത്യേക പിക്കപ്പ് ഏരിയയില്‍ നിന്ന് ലഭ്യമാകും. ദോഹ മെട്രോയുടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്റ്റേഷനും ടെര്‍മിനലില്‍ നിന്ന് നടന്ന് എത്താവുന്ന ദൂരത്തിലാണ്. സര്‍വീസ് സമയ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ദോഹ മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കാര്‍ റന്റല്‍, ലിമോസിന്‍, വാലെറ്റ് സേവനങ്ങളും ടെര്‍മിനലില്‍ ലഭ്യമാണ്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ വാലെറ്റ് സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന ഡ്രൈവര്‍മാര്‍ തിരക്കേറിയ സമയങ്ങളില്‍ വിമാനത്താവള പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും ടെര്‍മിനലിന് മുന്നില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത് ഗതാഗതക്കുരുക്കിനും വാഹനം ടോ ചെയ്യപ്പെടുന്നതിനും കാരണമാകാമെന്നും വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

