

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ഖത്തറിലെ ബിസിനസുകാരന്‍ ഹസന്‍ ചൗഗ്ലേ എന്ന ഹസന്‍ അബ്ദുല്‍ കരീം ചൗഗ്ലേ (74) നിര്യാതനായി.

2012ല്‍ ജയ്പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഹസ്സന്‍ ചൗഗ്ലേ 2011, 12, 13 വര്‍ഷങ്ങളിലെ 100 ശക്തരായ ഇന്ത്യന്‍ ബിസിനസുകാരില്‍ ഒരാളായി അറേബ്യന്‍ ബിസിനസ് പട്ടികപ്പെടുത്തിയിരുന്നു.


മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ജനിച്ച ഹസന്‍ ചൗഗ്ലേ 1977ലാണ് ഖത്തറിലെത്തിയത്. മാന്‍വിര്‍ എന്‍ജിനിയറിംഗില്‍ ടെക്‌നിക്കല്‍ സൂപ്പര്‍വൈസറായി ഖത്തറില്‍ ജീവിതം ആരംഭിച്ച ഹസന്‍ ചൗഗ്ലേ നേരത്തെ മുംബൈയില്‍ ലാര്‍സന്‍ ആന്റ് ടര്‍ബോയിലും പ്രവര്‍ത്തിച്ചിരുന്നു.
സുഹൃത്ത് ജി എം ഡി ഖാതിബിനോടൊപ്പം ഇമാദ് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം ആരംഭിച്ച ചൗഗ്ലേ പിന്നീട് ഖാതിബ് നാട്ടിലേക്ക് മടങ്ങിയതോടെ സ്ഥാപനം ഒറ്റക്ക് നടത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ മികവുകളിലൂടേയും ഖത്തറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും അദ്ദേഹം ട്രേഡിംഗ്, ഫൈബര്‍ ഗ്ലാസ്, വിദ്യാഭ്യാസം, മെഡിക്കല്‍ സപ്ലൈസ്, ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ് എന്നിവയിലേക്കും കടന്നു. ഖത്തറിന് പുറമേ ഇന്ത്യയിലും ബിസിനസുകള്‍ ആരംഭിച്ചു.

മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റി, ഹൈദരബാദ് ആന്റ് ജാമിഅ ഉര്‍ദു, അലിഗഡ്, നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷന്‍, അന്‍ജുമാന്‍ മുഹിബ്ബാനെ ഉര്‍ദു ഹിന്ദ്, കോകാന്‍ സോഷ്യല്‍ ഫോറം, ഹല്‍ഖെ അല്‍ബാബെ കോകന്‍ തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഡി പി എസ് എം ഐ എസ് ഇന്ത്യന്‍ സ്‌കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.
മഹാരാഷ്ട്രയിലെ മുംബൈ, കൊങ്കന്‍ മേഖലയിലെ സേവന പ്രവര്‍ത്തനങ്ങളിലും ഹസന്‍ ചൗഗ്ലേ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
എം കാഞ്ഞാണി അവാര്‍ഡ് ഫോര്‍ ചാരിറ്റി, ഫഖറെ കോകാന്‍ അവാര്‍ഡ് ഫോര്‍ പ്രമോഷന്‍ ഓഫ് എജുക്കേഷന്‍, ഖത്തര്‍ നാഷണല്‍ ഹ്യുമന്‍ റൈറ്റ്‌സ് അവാര്‍ഡ് ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് ആക്ടിവിസം, മൗറീഷ്യസ് പ്രസിഡന്റില്‍ നിന്ന് പ്രൈഡ് ഓഫ് ഇന്ത്യ ലീഡര്‍ഷിപ്പ് അവാര്‍ഡ്, യു കെ യൂറോപ്യന്‍ ഉര്‍ദു റൈറ്റേഴ്‌സ് സൊസൈറ്റിയുെട ബഗ്ബാനെ ഉര്‍ദു അവാര്‍ഡ്, 2012ലെ കൊകാന്‍ ഭൂമി പാര്‍ടിസ്ഥാന്‍ ഗ്ലോബല്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം, ആള്‍ ഇന്ത്യ മറാഠി സാഹിത്യ വേദിയുടെ സന്‍മനാര്‍ഥ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഹസന്‍ ചൗഗ്ലേയുടെ ഭാര്യ കൗസര്‍ ഹസ്സന്‍ ചൗഗ്ലേ ഖത്തറിലും ഇന്ത്യയിലുമായി നിരവധി ബിസിനസുകളുടെ ഉടമയായിരുന്നു. ഫാഷന്‍, ഹോസ്പിറ്റാലിറ്റി, ഫുഡ് മേഖലയില്‍ പ്രശസ്തയായ കൗസര്‍ ഹസന്‍ ചൗഗ്ലേ ക്യൂന്‍സ് ഫാഷന്‍, മഹാരാജ റസ്റ്റോറന്റ്, മിഡ് ടൗണ്‍ റസ്‌റ്റോറന്റ്, അല്‍ മുന്‍തസ പ്ലാസ, ഗള്‍ഫ് പാരഡൈസ് ഹോട്ടല്‍, ദോഹ ഗ്രാന്റ് ഹോട്ടല്‍, ഗോള്‍ഡന്‍ ഓഷ്യന്‍ ഹോട്ടല്‍ തുടങ്ങിയവ നടത്തിയിരുന്നു. മുംബൈയില്‍ നിന്നും 2008ല്‍ ബിന്‍ത് ഇ ഹിന്ദ് പുരസ്‌ക്കാരവും അവര്‍ നേടി.

