

ദോഹ: കെ പി സി സിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് അച്ചടക്കം ലംഘനം നടത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ ഇന്‍കാസിലെ മൂന്ന് മുതിര്‍ന്ന നേതാക്കളെ സസ്‌പെന്റ് ചെയ്തതായി കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, എ പി മണികണ്ഠന്‍, കെ വി ബോബന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

ഖത്തറില്‍ ഇന്‍കാസിന് കെ പി സി സി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും അതിനുശേഷം പാര്‍ട്ടിയുടെ നിബന്ധനകള്‍ക്ക് വിധേയമല്ലാതെ ഇന്‍കാസ് തെരഞ്ഞെടുപ്പ് നടത്തിയെന്ന് കുറ്റപ്പെടുത്തിയാണ് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പില്‍ ഇന്‍കാസ് അംഗങ്ങള്‍ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമായിരിക്കുമെന്ന് ഉത്തരവാദപ്പെട്ടവരെ കത്ത് മുഖേന അറിയിച്ചിട്ടും ഐ സി സി നേരിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്‍കാസ് സ്ഥാനാര്‍ഥികളായി പങ്കെടുത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഒ ഐ സി സി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്തിന് പകര്‍പ്പ് വെച്ചെഴുതിയ കത്തിന്റെ പൂര്‍ണരൂപം:

പ്രിയസുഹൃത്തെ,
ഖത്തറിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സംഘടനയായ ഇന്‍കാസിന്റെ പ്രവര്‍ത്തനങ്ങളില്‍ കുറച്ച് നാളുകളായി നിലനില്‍ക്കുന്ന ചേരിതിരിവുകള്‍ കെ പി സി സിയുടെ ശ്രദ്ധയില്‍ വരികയും ചില രാഷ്ട്രീയ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ ഖത്തറില്‍ ഇന്‍കാസിന് പുതിയ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ അതിന് ശേഷം കെ പി സി സിയുടെ നിബന്ധനകള്‍ക്ക് വിധേയമല്ലാതെ ഇന്‍കാസിന്റെ തെരഞ്ഞെടുപ്പ് അനൗദ്യോഗികമായി നടത്തിയതായി കെ പി സി സിയുടെ ശ്രദ്ധയില്‍ വന്നിരിക്കുന്നു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ഇന്‍കാസ് അംഗങ്ങള്‍ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമായിരിക്കുമെന്ന് ഉത്തരവാദപ്പെട്ടവരെ കെ പി സി സി കത്തുമുഖേന അറിയിച്ചിട്ടും ഐ സി സി നേരിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്‍കാസിന്റെ സ്ഥാനാര്‍ഥികളായി ഇന്‍കാസിന്റെ ലേബലില്‍ ഒരു വിഭാഗം പങ്കെടുത്തതായി ശ്രദ്ധയില്‍പ്പെട്ടു. നിലവിലുള്ള ഔദ്യോഗികമായ ഇന്‍കാസിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്‍കാസിന്റെ പേരില്‍ മത്സരരംഗത്ത് പങ്കെടുത്തവര്‍ പാര്‍ട്ടിയുടെ അച്ചടക്കം പരസ്യമായി ലംഘിച്ചിരിക്കുന്നു. ഇത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായി കാണുന്നു. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ സാധിക്കാത്ത ചുറ്റുപാടില്‍ മത്സരത്തിന് നേതൃത്വം കൊടുത്ത താഴെ പറയുന്നവരെ കെ പി സി സി അധ്യക്ഷന്‍ ശ്രീ കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ഇതിനാല്‍ അറിയിക്കുന്നു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ഐ സി സി നടത്തിയ തെരഞ്ഞെടുപ്പില്‍ ഖത്തര്‍ ഇന്‍കാസിന്റെ പേരില്‍ മത്സരിച്ച് വിജയിച്ചെന്ന് അവകാശപ്പെടുന്നവരോടൊപ്പം അച്ചടക്കമുള്ള ഇന്‍കാസിന്റെ പ്രവര്‍ത്തകര്‍ യാതൊരുതരത്തിലും സഹകരിക്കരുതെന്നും കെ പി സി സി അറിയിക്കുന്നു.
- ഹൈദര്‍ ചുങ്കത്തറ, മലപ്പുറം
- എ പി മണികണ്ഠന്‍, തൃശൂര്‍
- കെ വി ബോബന്‍, എറണാകുളം

