

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് ജൂണ്‍ 23ന് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് ഐ. സി. സി അശോക ഹാളില്‍ നടക്കും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സാംസ്‌ക്കാരിക സദസ്സ് സമാപിക്കുക.

വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയുടെ ആദ്യസെക്ഷനില്‍ നേതൃപാടവം ജനനന്മക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബി എന്‍ ഐ ഖത്തര്‍ നാഷണല്‍ ഡയരക്ടര്‍ മുഹമ്മദ് ഷബീബ് ക്ലാസ്സെടുക്കും. തുടര്‍ന്ന് ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന രണ്ടാം സെഷന് പ്രശസ്ത എഴുത്തുകാരിയും ചിന്തകയുമായ സുധാമേനോന്‍ നേതൃത്വം നല്‍കും.

വൈകിട്ട് ഏഴു മണിക്ക് അശോക ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സദസ്സിന്റെ സമാപന പൊതു സമ്മേളനത്തില്‍ സുധാമേനോന്‍ മുഖ്യപ്രഭാഷണം നടത്തും. ഖത്തറിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
സദസ്സിന്റെ ആദ്യ രണ്ട് സെഷനുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയതവര്‍ക്കാണ് പ്രവേശനം. വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, സാംസ്‌കാരിക സദസ്സിന്റെ കോര്‍ഡിനേറ്റിംഗ് ഡയരക്ടര്‍ സി താജുദ്ധീന്‍ എന്നിവര്‍ അറിയിച്ചു.
‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ സാംസ്‌കാരിക സദസ്സിന്റെ ലോഗോ പ്രകാശനം അടൂര്‍ പ്രകാശ് എം പിയാണ് നേരത്തെ നിര്‍വഹിച്ചത്.

