

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 142ല്‍ നിന്നും 150ലേക്ക് താഴ്ന്ന് ഇന്ത്യ. റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യ വീണ്ടും പിറകിലായത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ വ്യാപകമായതോടെ രാജ്യദ്രോഹം, തീവ്രവാദം എന്നിവ ആരോപിച്ച് മാധ്യമ പ്രവര്‍ത്തകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ഇന്ത്യന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തവണയും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഒന്നാമത് നില്ക്കുന്ന രാജ്യം നോര്‍വെയാണ്. ഡെന്മാര്ക്ക്, സ്വീഡന് എന്നിവയാണ് നോര്‍വേയ്ക്ക് പിന്നിലുള്ളവ. പട്ടികയില്‍ ഏറ്റവും താഴെ നില്ക്കുന്ന രാജ്യം ഉത്തര കൊറിയയാണ്. ചൈന നേരത്തെ 177-ാം സ്ഥാനത്തുണ്ടായിരുന്നത് പുതിയ പട്ടികയില്‍ 175ലേക്കെത്തി.
പാകിസ്താന് ഇന്ത്യക്കു പിറകില്‍ 157-ാം സ്ഥാനത്താണെങ്കിലും ശ്രീലങ്ക 146-ാം സ്ഥാനത്ത് ഇന്ത്യക്ക് മുന്നിലെത്തി. മ്യാന്മര് 176, ബംഗ്ലാദേശ് 162 എന്നിങ്ങനെയാണ് നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പട്ടിക പ്രകാരം പാകിസ്ഥാന് 145, ശ്രീലങ്ക 127, ബംഗ്ലാദേശ് 152, മ്യാന്മര് 140 എന്നിങ്ങനെയായിരുന്നു സ്ഥാനം.
എന്നാല്‍ 106-ാം സ്ഥാനത്തുണ്ടായിരുന്ന നേപ്പാള്‍ 30 പോയിന്റുകള്‍ നേടി 76-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
2021ലെ പട്ടികയില്‍ ഇന്ത്യയെ മോശവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുയര്‍ത്തുന്നതുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയ പക്ഷപാതപരമായ മാധ്യമ പ്രവര്‍ത്തനം നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മാധ്യമ സ്വാതന്ത്ര സൂചിക തയ്യാറാക്കുന്നത്. വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

