

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് രണ്ട് ഗോളിന് തോറ്റ് ഇന്ത്യന്‍ തുടക്കം. ആദ്യ പകുതി പ്രതിരോധത്തിലൂന്നിയെങ്കിലും രണ്ടാം പകുതി പിടിച്ചു നില്‍ക്കാനായില്ല.

ജാക്സന്‍ ഇര്‍വിനും ജോര്‍ദാന്‍ ബോസും രണ്ടാം പകുതിയില്‍ ഇന്ത്യന്‍ വല കുലുക്കിയപ്പോള്‍ അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് ഫലം പരാജയമായി.

ഇന്ത്യന്‍ പ്രവാസികളാണ് രാജ്യത്തെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തില്‍ കൂടുതലെത്തിയത്. ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ പിഴവാണ് ആദ്യ ഗോളിന് കാരണം. ക്രോസ് പിടിക്കാന്‍ മുന്നോട്ടു കയറിയ ഗുര്‍പ്രീതിനെ വഞ്ചിച്ച് 10 വാര അകലെ നിന്ന് തുറന്ന വലയിലേക്ക് ഇര്‍വന്‍ ഷോട്ട് തൊടുക്കുകയായിരുന്നു.
ആദ്യ ഗോള്‍ വീണതോടെ കളിയുടെ നിയന്ത്രണം മുഴുവന്‍ കാലുകളിലേക്ക് ആവാഹിച്ച ഓസ്‌ട്രേലിയ എഴുപതാം മിനിറ്റില്‍ ലീഡുയര്‍ത്തി. കളി തീരാന്‍ ഏതാനും മിനിറ്റുകള്‍ അവശേഷിക്കെ വീണ്ടും അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ജപ്പാന്‍കാരി യോഷിമി യാമാഷിത പുരുഷ ഏഷ്യന്‍ കപ്പില്‍ കളി നിയന്ത്രിക്കുന്ന ആദ്യ വനിതയായി ചരിത്രത്തില്‍ ഇടം നേടിയ കളി കൂടിയായിരുന്നു ഇത്.
വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

