

വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: ഇന്ത്യയും യു എസും തമ്മില്‍ 2021ല്‍ ചരക്കുകളുടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളര്‍ കടന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഏറ്റവും വലിയ ചരക്ക് വ്യാപാരമാണിത്.

2020-ല്‍ നിന്ന് ഏകദേശം 45% കുതിപ്പാണ് 2021 ല്‍ ഉണ്ടായത്. കൂടാതെ തങ്ങളുടെ മികച്ച 15 പങ്കാളികളുമായുള്ള അമേരിക്കയുടെ വ്യാപാരം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചപ്പോള്‍, ഏറ്റവും വലിയ കുതിച്ചുചാട്ടം ഇന്ത്യയ്‌ക്കൊപ്പമുള്ള വ്യാപാരത്തിലാണുണ്ടായത്.

യു എസ് സെന്‍സസ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇന്ത്യ-യു എസ് ഉഭയകക്ഷി ചരക്ക് വ്യാപാരം 113.391 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ 73 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്യുകയും 40 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. 2020ല്‍ കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ബാധിച്ചതിനാല്‍ 2019ലെ 92.1 ബില്യണില്‍ നിന്ന് 78.2 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ഇന്ത്യ അപ്പോള്‍ 57.8 ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ കയറ്റുമതി ചെയ്യുകയും 34.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു.
20 വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും 2002 നുശേഷം വെറും മൂന്നു തവണമാത്രമാണ് ഇതില്‍ ചെറിയ ഇടിവുണ്ടായതെന്നും സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ (സി എസ് ഐ എസ്) യു എസ്- ഇന്ത്യ പോളിസി സ്റ്റഡീസിലെ വാധ്വാനി ചെയര്‍ റിച്ചാര്‍ഡ് എം റോസോ പറഞ്ഞു.
യു എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി കുതിച്ചുയരാനുള്ള പ്രധാന കാരണം യു എസ് വിപണിയിലെ ഡിമാന്‍ഡ് വര്‍ധിച്ചതാണെന്ന് യു എസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ (യു എസ് ഐ എസ് പി എഫ്) പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് അഗി പറഞ്ഞു.

