
ദുബായ്: ഇറാനെ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങളെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമമേഖല പൂര്‍ണമായോ ഭാഗികമായോ അടച്ചതായി പ്രഖ്യാപിച്ചു.

ഖത്തര്‍, കുവൈത്ത്, യു എ ഇ എന്നീ രാജ്യങ്ങള്‍ വ്യോമമേഖല അടച്ചതായി സ്ഥിരീകരിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ) യു എ ഇയുടെ വ്യോമമേഖല താത്ക്കാലികമായി ഭാഗികമായി അടച്ചതായി അറിയിച്ചു. ഇത് അസാധാരണ മുന്‍കരുതല്‍ നടപടിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദേശീയ- അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ച് സുരക്ഷാ- പ്രവര്‍ത്തന അപകട സാധ്യതകളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് അറിയിച്ചു. വ്യോമയാന സുരക്ഷയും രാജ്യത്തിന്റെ വ്യോമാധിപത്യ സംരക്ഷണവും പരമപ്രാധാന്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാര്‍ തങ്ങളുടെ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചു. ആവശ്യമായിടത്ത് താമസസൗകര്യവും സഹായവും നല്‍കാന്‍ എയര്‍ലൈന്‍സുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി രാജ്യത്ത് സുരക്ഷാ ആശങ്കകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് എല്ലാ വിമാന ഗതാഗതവും താത്ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു.
നിരവധി ആക്രമണശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ ഭൂപ്രദേശത്ത് എത്തുന്നതിന് മുമ്പ് മിസൈലുകള്‍ തടഞ്ഞുവെന്നാണ് വിശദീകരണം. സുരക്ഷാ സ്ഥിതി സ്ഥിരവും നിയന്ത്രണത്തിലുള്ളതുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശിച്ചു.
കുവൈത്തിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ വ്യോമമേഖല അടച്ചതായി പ്രഖ്യാപിച്ചു. വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി ഉടന്‍ വ്യക്തമാക്കിയിട്ടില്ല.
ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ തെഹ്‌റാനില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ആറു മണിക്കൂര്‍ സമയത്തേക്ക് ഇറാന്റെ വ്യോമമേഖല പൂര്‍ണമായി അടച്ചതായി അറിയിച്ചു.
ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് പ്രതികരിച്ച് ഇറാഖ് വ്യോമമേഖല അടച്ചതായി അധികൃതര്‍ അറിയിച്ചു. അടച്ചിടലിന് മുമ്പ് എല്ലാ വിമാന ഗതാഗതവും പൂര്‍ണമായും നിര്‍ത്തിവെച്ചതായി സ്ഥിരീകരിച്ചു.
എര്‍ബില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വിമാനങ്ങളുടെ എല്ലാ വരവും പുറപ്പെടലും നിര്‍ത്തിവെച്ചതായി അറിയിച്ചു.
ബഹ്‌റൈനിലെ നാഷണല്‍ കമ്യൂണിക്കേഷന്‍ സെന്റര്‍ ബഹ്‌റൈന്‍ രാജ്യത്തിനകത്തെ ചില കേന്ദ്രങ്ങള്‍ പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ക്ക് വിധേയമായതായി അറിയിച്ചു. ഇത് രാജ്യാധിപത്യ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫിഫ്ത്ത് ഫ്‌ളീറ്റ് സേവനസൗകര്യങ്ങളിലൊന്നിനെ മിസൈല്‍ ആക്രമണം ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ചു. അടിയന്തര പ്രതികരണ പദ്ധതികള്‍ സജീവമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു.
മേഖലയിലുടനീളം സുരക്ഷാസേനകള്‍ ഉയര്‍ന്ന ജാഗ്രതയിലാണ്. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടുത്ത ഏകോപനത്തിലാണെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുകയും ഔദ്യോഗിക ചാനലുകള്‍ നിരന്തരം നിരീക്ഷിക്കുകയും ചെയ്യണമെന്ന് നിര്‍ദേശം നല്‍കി.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചതോടെ എയര്‍ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ തങ്ങളുടെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം.
ഖത്തര്‍ എയര്‍വെയ്‌സ്, ടര്‍ക്കിഷ് എയര്‍ലൈന്‍ തുടങ്ങിയവ നേരത്തെ തന്നെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
ഗള്‍ഫിന് പുറമേ യൂറോപ്പ് ഉള്‍പ്പെടെ നിരവധി വിമാനകമ്പനികള്‍ റദ്ദാക്കലുകളും പാത മാറ്റലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചില കമ്പനികള്‍ സുരക്ഷാ കാരണങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍ ചിലത് ദീര്‍ഘ യാത്രാസമയവും യാത്ര തടസ്സങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്
മധ്യപൂര്‍വേഷ്യയിലേക്കുള്ള സര്‍വീസുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ഐബീരിയ എക്‌സ്പ്രസ്
ടെല്‍ അവിവ് സര്‍വീസ് റദ്ദാക്കി. തടസ്സപ്പെട്ട മഡ്രിഡ് സര്‍വീസ് തിരികെ മടങ്ങി.
വിര്‍ജിന്‍ അറ്റ്‌ലാന്റിക് ഇറാഖിന്റെ വ്യോമമേഖല താത്ക്കാലികമായി ഒഴിവാക്കി. ലണ്ടന്‍- ദുബായ് സര്‍വീസ് ശനിയാഴ്ച റദ്ദാക്കി. കെ എല്‍ എം ആംസ്റ്റര്‍ഡാം- ടെല്‍ അവിവ് സര്‍വീസ് പൂര്‍ണമായി റദ്ദാക്കി. വിസ് എയര്‍ ഇസ്രയേല്‍, ദുബായ്, അബു ദാബി, അമ്മാന്‍ സര്‍വീസുകള്‍ മാര്‍ച്ച് 7 വരെ നിര്‍ത്തിവെച്ചു.
റഷ്യന്‍ എയര്‍ലൈന്‍സ് ഇറാന്‍, ഇസ്രയേല്‍ സര്‍വീസുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പാതകളില്‍ മാറ്റം വരുത്തും.
എയര്‍ ഇന്ത്യ മധ്യപൂര്‍വേഷ്യയിലെ എല്ലാ സര്‍വീസുകളും സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ ഡല്‍ഹി- ടെല്‍ അവിവ് വിമാനം മടങ്ങി മുംബൈയില്‍ ലാന്‍ഡ് ചെയ്തു. ലുഫ്താന്‍സ ദുബായ്, ബൈറൂത്, ഒമാന്‍ സര്‍വീസുകള്‍ റദ്ദാക്കി. പോളിഷ് എയര്‍ലൈന്‍സ് വാര്‍സോ- ദുബായ് സര്‍വീസ് തിരിച്ചു പറന്നു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് ലെബനാന്‍, സിറിയ, ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ സര്‍വീസുകള്‍ മാര്‍ച്ച് 2 വരെ റദ്ദാക്കി. ബള്‍ഗേറിയ എയര്‍ ടെല്‍ അവിവ് സര്‍വീസുകള്‍ മാര്‍ച്ച് 2 വരെ റദ്ദാക്കി. ജപ്പാന്‍ എയര്‍ലൈന്‍സ് ടോക്കിയോ ഹാനഡ- ദോഹ സര്‍വീസ് റദ്ദാക്കി. ഒമാന്‍ എയര്‍ ബാഗ്ദാദ് സര്‍വീസ് സസ്‌പെന്‍ഡ് ചെയ്തു. ഏയ്ജീന്‍ എയര്‍ലൈന്‍സ് ടെല്‍ അവിവ്, ബൈറൂത്, എര്‍ബില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ടെല്‍ അവിവ് സര്‍വീസുകള്‍ മാര്‍ച്ച് 7 വരെ നിര്‍ത്തിവെച്ചു; കൂടാതെ സുറിച്ച്- ദുബായ് സര്‍വീസുകള്‍ റദ്ദാക്കി. ബ്രിട്ടീഷ് എയര്‍വെയ്‌സ് ടെല്‍ അവിവ്, ബഹ്‌റൈന്‍ സര്‍വീസുകള്‍ മാര്‍ച്ച് 3 വരെ റദ്ദാക്കി. ആമ്മാന്‍ സര്‍വീസ് അടിയന്തിരമായി റദ്ദാക്കി. എയര്‍ ഫ്രാന്‍സ് ടെല്‍ അവിവ്, ബൈറൂത്, ദുബായ്, റിയാദ് സര്‍വീസുകള്‍ റദ്ദാക്കി.

