

ദോഹ: അംഗീകാരമോ ലൈസന്‍സോ ഇല്ലാതെ നിക്ഷേപത്തിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പ്രവാസിയെ ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് ക്രൈംസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും പണവും വാഹനങ്ങളും പിടിച്ചെടുത്തു.


പബ്ലിക്ക് പ്രോസിക്യൂഷനില്‍ നിന്നും അറസ്റ്റും സെര്‍ച്ച് വാറണ്ടും നേടിയതിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഉദ്ോയഗസ്ഥര്‍ ഏഷ്യന്‍ പ്രവാസിയുടെ താമസ കേന്ദ്രത്തില്‍ തെരച്ചില്‍ നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത്.


ഖത്തരി റിയാലിലും വിദേശ കറന്‍സികളിലുമുള്ള നിരവധി നിക്ഷേപ കരാറുകളും വന്‍തുകയും ഇയാളുടെ വീട്ടില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഏതാനും കാറുകളും വില കൂടിയ റസിഡന്‍ഷ്യല്‍ യൂണിറ്റുകളും ഇയാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, ലൈസന്‍സില്ലാതെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.


