

ദോഹ: എ എഫ് സി ഏഷ്യന് കപ്പ് ഖത്തര് 2023ല് ശനിയാഴ്ച ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. അല് റയ്യാനിലെ അഹമ്മദ് ബിന് അലി സ്റ്റേഡിയത്തില് ഗ്രൂപ്പ് ബിയില് ഉച്ചക്ക് രണ്ടരയ്ക്കാണ് മത്സരം.

ഒടുവിലത് സംഭവിക്കുന്നുവെന്നും തങ്ങള്ക്ക് ഖത്തറില് മികച്ച അനുഭവമാണ് ഉണ്ടായതെന്നും ഇന്ത്യക്കെതിരെ മത്സരിക്കാന് തങ്ങള് ആവേശത്തിലാണെന്നും കോച്ച് അര്നോള്ഡ് പറഞ്ഞു.

വിശ്വസിക്കാന് ഒരു കാര്യമേയുള്ളൂവെന്നും അത് വിജയിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. താരങ്ങള്ക്കും സ്റ്റാഫിനും നല്കുന്ന സന്ദേശം അതാണെന്നും ഏഷ്യന് കപ്പ് നേടാനാണ് തങ്ങള് വന്നതെന്നും അദ്ദേഹം വിശദമാക്കി.
ഓസ്ട്രേലിയ വളരെ പ്രായോഗിക ഫുട്ബാളാണ് കളിക്കുന്നതെന്നും സെറ്റ് പീസ് നല്കാന് തങ്ങള് ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുടെ മുഖ്യ പരിശീലകന് ഇഗോര് സ്റ്റിമാക് പറഞ്ഞു.
ഇന്ത്യ മികച്ച ടീം പ്രകടനം കാഴ്ചവെക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം സ്റ്റിമാക് ചൂണ്ടിക്കാട്ടി. ടീമെന്ന നിലയിലും ഒരു രാജ്യമെന്ന നിലയിലും അടുത്ത മൂന്ന് മത്സരങ്ങളില് മികച്ച പ്രകടനം കാഴ്ചവെക്കുകയും ടൂര്ണമെന്റില് നിന്നുള്ള അനുഭവം ഭാവിയിലേക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

