ഹൃദയംതൊട്ട് ഇഖ്ബാല്‍ ചേറ്റുവയുടെ കുറിപ്പ്; എന്റെ പേര് പോലും ഉമ്മ മറന്നു

Web Desk
3 Min Read

ദോഹ: ഖത്തറിന്റെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക ലോകത്ത് നിറസാന്നിധ്യമായിരുന്ന ഇഖ്ബാല്‍ ചേറ്റുവ തന്റെ ദുരവസ്ഥ വിവരിച്ച് നിരവധി ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. മില്യന്‍ കണക്കിന് റിയാല്‍ കടക്കാരനായി കോടതി വിധിയും ജയിലും കാത്തിരിക്കുകയാണ് താനെന്ന് അദ്ദേഹം തന്റെ അവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലും പറയുന്നു. വര്‍ഷങ്ങളായി ഉമ്മയ്ക്ക് മകനേയും മകന് ഉമ്മയേയും കാണാനാവാത്തതിന്റേയും കാണാന്‍ കാത്തിരിക്കുന്നതിന്റേയും ഹൃദയം തൊടുന്ന കുറിപ്പ് വീണ്ടുമെഴുതിയ അദ്ദേഹം തന്റെ പേര് പോലും ഉമ്മ മറന്നുപോയെന്ന ഹൃദയ ഭേദകമായ ചിത്രമാണ് പങ്കുവെക്കുന്നത്. എങ്കിലും ഫോണിലൂടെ ശബ്ദം കേട്ടപ്പോള്‍ ഉമ്മ തിരിച്ചറിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ ഇടുങ്ങിയ ജീവിതത്തിലെ സന്തോഷിക്കാനുള്ള വകയായും രേഖപ്പെടുത്തുന്നു.

city exchange

ഉമ്മയെ കാണാനുള്ള ആഗ്രഹം അദ്ദേഹം പല തവണ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിനുള്ള വഴി തെളിഞ്ഞിട്ടില്ല. ഖത്തറിലെ സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ ഇഖ്ബാല്‍ ചേറ്റുവയുടെ പ്രശ്‌നപരിഹാരത്തിനായി നേരത്തെ മുന്നിട്ടിറങ്ങിയിരുന്നുവെങ്കിലും ഇതുവരേയും അതെവിടേയും എത്തിയിട്ടില്ല.

ഇഖ്ബാല്‍ ചേറ്റുവ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

- Advertisement -
Ad image

എന്റെ പേര് പോലും മറന്നു ഉമ്മ…
മക്കള്‍ എന്ന് വരും ഉമ്മയുടെ കണ്ണടയും മുമ്പ് നീ നാട്ടില്‍ വരോ? ഉത്തരം കൊടുക്കാന്‍ കഴിയാത്ത ഇത്തരം ചോദ്യങ്ങള്‍ കേട്ടു കേട്ടു മനം മടുത്ത കാരണം ഉമ്മാക്ക് ഫോണ്‍ ചെയ്യുന്നത് ഞാന്‍ കുറച്ചു കുറച്ചു വരികയായിരുന്നു
എങ്കിലും ഭാര്യയും മക്കളും എപ്പോഴും വിളിക്കുന്നുണ്ട്
ഉമ്മാടെ സുഖവിവരങ്ങള്‍ അറിയാറുമുണ്ട്.

ഇന്ന് സ്വല്‍പ്പം മുമ്പ് അവര്‍ വിളിച്ചപ്പോള്‍ ഉമ്മ എന്റെ ഭാര്യയോട് ചോദിക്കയാണ് എന്റെ മോന്റെ പേരെന്താണ്?
12 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷം
അവര്‍ക്ക് ലഭിച്ച എന്റെ പേര് പോലും എന്റെ ഉമ്മാക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നിരിക്കുന്നു.

വളരെ സങ്കടത്തോടെ ഭാര്യ എന്റെ കൈയ്യില്‍ ഫോണ്‍ കൊണ്ടു തന്നു. പേര് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്റെ ശബ്ദം കേട്ടപ്പോള്‍ എന്നെ മനസ്സിലായി. പിന്നെ അവിടുന്ന് വരുന്നതെല്ലാം സ്ഥിരം ചോദ്യങ്ങള്‍ തന്നെയായിരുന്നു.

ഏകദേശം 93, 94 വയസ്സ് പ്രായമായ ഒരു ഉമ്മയുടെ സ്വന്തം മകനെ കാണാനുള്ള മനസ്സിന്റെ ആഗ്രഹങ്ങള്‍, കാത്തിരിപ്പുകള്‍. ഞങ്ങളുടെ പടി കയറി വരുന്ന ഓരോ വണ്ടികളിലും ഞങ്ങള്‍ ഉണ്ടാവുമോ എന്ന പ്രതീക്ഷകള്‍. നേരില്‍ കാണാന്‍ കഴിയില്ല എന്ന പ്രതീക്ഷ
നഷ്ടപ്പെട്ടത് കൊണ്ടാകാം ഉമ്മയുടെ ഇന്നത്തെ സംസാരങ്ങള്‍ക്ക് മാറ്റം വന്നിരിക്കുന്നു. സങ്കടങ്ങള്‍ കൂടിയിരിക്കുന്നു.

ഉമ്മാനെ പടിഞ്ഞാര്‍ക്ക് (ഞങ്ങളുടെ പള്ളി ഖബര്‍സ്ഥാര്‍ ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറെ ഭാഗത്താണ്) എടുക്കുന്ന സമയത്തെങ്കിലും നീ ഉണ്ടാവുമോ എന്ന്
ഒരു മകന് കേള്‍ക്കാന്‍ കഴിയുന്നതിനപ്പുറമാണ് ഇത്തരം ചോദ്യങ്ങള്‍. ഉമ്മാക്ക് കൊടുക്കാന്‍ കൃത്യമായ ഉത്തരവും എന്റെ കൈയ്യില്‍ ഇല്ലാത്തത് കൊണ്ട് സാധിപ്പിച്ചു കൊടുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് വെറുതെ ഇന്‍ശാ അല്ലാഹ് പറയാന്‍ പഠിച്ചിട്ടില്ലാത്തത് കൊണ്ടും നീറുന്ന മനസ്സോടെ ഞാന്‍ ഫോണ്‍ ഭാര്യയുടെ
കൈയ്യില്‍ കൊടുത്തു.

പ്രിയപ്പെട്ട ഉമ്മ മാപ്പ്…. ഉമ്മാടെ മകന് ഇനി ഉമ്മയേയോ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന നമ്മുടെ നാടോ ഇനി കാണാന്‍ കഴിയില്ല. എന്നെ ക്രിമിനല്‍ കേസ്സുകളില്‍ പ്പെടുത്തി അവര്‍ തന്നെ പറഞ്ഞ കണക്ക് പ്രകാരം മില്യണ്‍ കണക്കിന് റിയാല്‍ വാങ്ങി തിന്നവര്‍ ഇന്ന് ഇവിടെ വലിയ വലിയ ഉയരങ്ങളിലാണ്. ദേശീയ, സംസ്ഥാന നേതാവാണ്.

അയാളെ താങ്ങി നിര്‍ത്തുന്നവരും വലിയവരാണ്. നിങ്ങള്‍ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും തെറ്റല്ലേ എന്ന് ചോദിക്കാന്‍ ധൈര്യമുള്ളവര്‍ പോലും ഇവിടെ കുറവാണ്. ഉമ്മ, ചിരിച്ചു കാട്ടാന്‍ നിരവധി പേര്‍ ഇവിയുണ്ട്. അവരോടൊന്നും പൊരുതി നില്‍ക്കാന്‍ എനിക്ക് ഇനി കഴിയില്ല.

ഇവിടുത്തെ നിയമ പ്രകാരം കോടതി തെറ്റുകാരനാണെന്ന് നിയമ പ്രകാരം വിധിച്ച ഞാന്‍ ഏത് നിമിഷവും തടവറക്കുള്ളില്‍ അടക്കപ്പെടാം. പ്രിയപ്പെട്ട ഉമ്മ പൊറുക്കുക
എനിക്ക് വേണ്ടിയും പ്രാര്‍ഥിക്കുക. ഞാനും നിങ്ങള്‍ക്കായ് പ്രാര്‍ഥിക്കാം.

Share This Article
Leave a Comment
error: Content is protected !!