ഒമാന് സമീപം കപ്പല്‍ ആക്രമിച്ചത് തങ്ങളല്ലെന്ന് ഇറാന്‍; വ്യക്തമായ സന്ദേശം നല്കാനറിയാമെന്ന് ഇസ്രായേല്‍

Web Desk
1 Min Read

തെഹ്‌റാന്‍: ഒമാന് സമീപം ലൈബീരിയന്‍ പതാകയുള്ള കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്‍. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലാണ് സംഭവത്തില്‍ ഇറാനാണെന്ന് ആരോപിച്ചത്.
ഇസ്രായേല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആദ്യമായല്ലെന്നും ഇത്തരം കുറ്റപ്പെടുത്തലുകള്‍ അപലപിക്കപ്പെടേണ്ടതാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് സഈദ് ഖത്തീബ് സാദെ നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇസ്രായേല്‍ ഭരണകൂടത്തെ മേഖലയില്‍ കാലുകുത്താന്‍ അനുവദിച്ചവരാണ് ആക്രമണത്തിന് ഉത്തരവാദികളെന്നു പറഞ്ഞ ഇറാന്‍ ഇസ്രായേല്‍ എവിടെ പോയാലും അരക്ഷിതാവസ്ഥയും ഭീകരതയും അക്രമവുമാണ് സൃഷ്ടിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ആവശ്യമുള്ളിടത്ത് ഇറാന്‍ തങ്ങളുടെ ദേശീയ സുരക്ഷ നിലനിര്‍ത്തുമെന്നും കാറ്റു വിതക്കുന്നവര്‍ കൊടുങ്കാറ്റ് കൊയ്യുമെന്നും ഖത്തീബ് സാദെ പറഞ്ഞു.
ഇസ്രായേല്‍ ശതകോടീശ്വരനായ ഇയാന്‍ ഒഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ലൈബീരിയന്‍ പതാക വഹിക്കുന്ന എണ്ണ ടാങ്കര്‍ മെര്‍സര്‍ സ്ട്രീറ്റ്. ഒമാനി ദ്വീപായ മസിറയുടെ വടക്കു കിഴക്കു ഭാഗത്തായാണ് കപ്പല്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ റൊമാനിയക്കാരനും യു കെ പൗരനുമാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. രഹസ്യാന്വേഷണ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇറാന് നല്‌കേണ്ട സന്ദേശമെന്താണെന്ന് തങ്ങള്‍ക്കറിയാമെന്നും ബെന്നറ്റ് ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇറാന് തെറ്റ് സംഭവിച്ചതായി പറയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ബെന്നറ്റ് പറഞ്ഞു.
ഇറാന്‍ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഭീരുത്വത്തോടെ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയാണ്. അവര്‍ നിഷേധിക്കുന്നുണ്ടെങ്കിലും ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ഇറാന്റെ ഗുണ്ടായിസം ഇസ്രായേലിനെ മാത്രമല്ല ആഗോള താത്പര്യങ്ങളേയും നാവിഗേഷന്‍ സ്വാതന്ത്ര്യത്തേയും അന്താരാഷ്ട്ര വ്യാപാരത്തേയും അപകടപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!