
സാവോപോളോ: കോവിഡ് പ്രതിരോധത്തിന് പുതിയ മരുന്ന് കണ്ടെത്താനുള്ള ആദ്യപടിയില്‍ ബ്രസീലിയന്‍ ഗവേഷകര്‍. ബ്രസീലിലുള്ള ഒരുതരം പാമ്പിന്റെ വിഷത്തില്‍ അടങ്ങിയ തന്മാത്രയ്ക്ക് കുരങ്ങിന്റെ കോശങ്ങളിലെ കൊറോണ വൈറസ് പുനരുത്പാദനത്തെ തടയാനാവുമെന്ന് ബ്രസീലിയന്‍ ഗവേഷകര്‍ കണ്ടെത്തി. കോവിഡ് വ്യാപനം തടയാന്‍ പുതിയ പഠനത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

ശാസ്ത്രപ്രസിദ്ധീകരണമായ മോളിക്യൂള്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജരാരകുസു പാമ്പിന്റെ വിഷത്തില്‍ നിന്നുള്ള തന്മാത്രകള്‍ കുരങ്ങ് കോശങ്ങളില്‍ വൈറസിന്റെ പ്രവര്‍ത്തനം 75 ശതമാനം തടയുന്നതായി വിശദീകരിക്കുന്നു.

പാമ്പിന്‍ വിഷത്തില്‍ നിന്നുള്ള ഘടകം കൊറോണയുടെ വളരെ പ്രധാനപ്പെട്ട പ്രോട്ടീനെ തടയുന്നത് കണ്ടെത്തിയെന്നാണ് സാവോ പോളോ യൂണിവേഴ്‌സിറ്റി പ്രൊഫസറും പഠനം പ്രസിദ്ധീകരിക്കുകയും ചെയ്ത റാഫേല്‍ ഗൈഡോ പറഞ്ഞു.

പെപ്റ്റഡ് അഥവാ അമിനോ ആസിഡുകളുടെ ശൃംഖലയാണ് തന്മാത്രയെന്നും മറ്റു കോശങ്ങളെ ബാധിക്കാതെ വൈറസിന്റെ പുനരുത്പാദത്തിന് അത്യന്താപേക്ഷിതമായ പി എല്‍ പ്രോ എന്ന കൊറോണ വൈറസിന്റെ എന്‍സൈമുമായി ഇതിനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട പെപ്‌റ്റൈഡ് ലബോറട്ടറിയില്‍ സമന്വയിപ്പിക്കാനാകുമെന്നും അതുകൊണ്ടുതന്നെ പാമ്പുകളെ അനാവശ്യമായി പിടിക്കുകയോ വളര്‍ത്തുകയോ ചെയ്യേണ്ടതില്ലെന്നും ഒരു അഭിമുഖത്തില്‍ ഗൈഡോ പറഞ്ഞു.
ലോകത്തെ രക്ഷിക്കാനെന്ന പേരില്‍ ബ്രസീലിലെ ജരാരകുസു പാമ്പിനെ പിടിക്കാനിറങ്ങുന്നവര്‍ അതിന് ശ്രമിക്കേണ്ടതില്ലെന്നും പാമ്പിന്റെ വിഷം മാത്രമല്ല കൊറോണ വൈറസിനെതിരെ ഉപയോഗപ്പെടുത്തുന്നതെന്നും സാവോ പോളോയിലെ ബ്യൂട്ടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബയോളജിക്കല്‍ ശേഖരം നടത്തുന്ന ഹെര്‍പെറ്റോളജിസ്റ്റ് ഗ്യൂസെപ്പെ പ്യൂര്‍ട്ടോ പറഞ്ഞു.
തന്മാത്രയുടെ വിവിധ ഡോസുകളുടെ കാര്യക്ഷമതയും കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്ന തടയാനാവുമോ എന്നും ഗവേഷകര്‍ ഉടന്‍ വിലയിരുത്തുമെന്ന് സാവോ പോളോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
മനുഷ്യകോശങ്ങളില്‍ പുതിയ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണെങ്കിലും അതെപ്പോഴായിരിക്കുമെന്ന കാര്യത്തില്‍ വിവരങ്ങളൊന്നുമില്ല.
ബ്രസീസിലിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നായ ജരാരകുസുവിന് ആറടി (ഏകദേശം രണ്ടു മീറ്റര്‍) നീളമുണ്ടാകും. തീരദേശ അറ്റ്‌ലാന്റിക് വനങ്ങളില്‍ കാണപ്പെടുന്ന ഈ ഇനം പാമ്പുകള്‍ ബൊളീവിയ, പരാഗ്വേ, അര്‍ജന്റീന എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ട്.


