
ദോഹ: ബള്‍ട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഖത്തറിലെത്തി. ഇന്ന് വൈകിട്ട് അബു ഹമൂര്‍ സഫാരി മാളില്‍ ബള്‍ട്ടി സംഘം പ്രമോഷന്റെ ഭാഗമായി സിനിമാ പ്രേമികളുമായി സംവദിക്കും.

ബള്‍ട്ടിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗം, ശന്തനു ഭാഗ്യരാജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ചന്ദ്രമോഹന്‍ പിള്ള, നിര്‍മാതാക്കളായ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ തുടങ്ങിയവരാണ് ഖത്തറിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം നടത്തി.

മലയാള സിനിമയ്ക്ക് വലിയ കമ്പോളമാണ് ഖത്തറെന്നും ബള്‍ട്ടിയുടെ നിര്‍മാതാക്കളിലൊരാള്‍ ഖത്തറില്‍ നിന്നാണെന്നത് സന്തോഷകരമാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രവാസ ലോകത്തു നിന്നും സിനിമാ മേഖലയിലേക്ക് സംവിധായകരും നിര്‍മാതാക്കളും വരുന്നത് ഗുണകരമാകുമെന്നും പറഞ്ഞു.
ബള്‍ട്ടി എന്ന പേര് പെട്ടെന്ന് മനസ്സിലാകാത്തതാണെന്നും എന്നാല്‍ മനസ്സിലാകുന്നവര്‍ക്ക് അത് തിരിച്ചറിയാനാവുമെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സിനിമയ്ക്കു വേണ്ടി ദിവസങ്ങളോളം ടീമായി കബഡി കളിച്ച് തയ്യാറെടുപ്പ് നടത്തിയതായി ഷെയ്ന്‍ നിഗം പറഞ്ഞു.
ഷെയ്ന്‍ നിഗത്തിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ നശിപ്പിക്കുന്ന ചിലരുണ്ടെന്നും അവരെ കുറിച്ച് ശ്രദ്ധയില്‍പ്പെട്ടതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞു.
സിനിമയില്‍ തന്റെ കഥാപാത്രം പുകവലിക്കുന്നതിനാലാണ് ചലച്ചിത്രത്തിന്റെ തുടക്കത്തില്‍ പുകവലിക്കെതിരെയുള്ള സന്ദേശം തന്റെ ശബ്ദത്തില്‍ തന്നെ അവതരിപ്പിച്ചതെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.
സ്‌കൈ മീഡിയയാണ് ഖത്തറിലെ ബള്‍ട്ടിയുടെ പ്രമോഷന്‍ അവതരിപ്പിക്കുന്നത്.

