

ദോഹ: വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹവുമായി വാള്‍ തൊടുത്തിട്ടുണ്ട് വടകര വില്ല്യാപ്പള്ളി മങ്ങാട്ട് കുഞ്ഞിമ്മൂസ ഗുരുക്കള്‍. മുഖ്യമന്ത്രിക്കു മുമ്പില്‍ നടത്തിയ പ്രദര്‍ശനം കണ്ട് അദ്ദേഹം ആവേശഭരിതനായാണ് കുഞ്ഞിമൂസ ഗുരുക്കളോട് വാള്‍ തൊടുക്കാന്‍ വി എസ് ഗോദയിലിറങ്ങിയത്.

അരനൂറ്റാണ്ട് മുമ്പ് വില്ല്യാപ്പള്ളിയിലെ ജാവാ പള്ളിയുടെ ഉദ്ഘാടന പരിപാടിയില്‍ കളരിപ്പയറ്റ് കണ്ടപ്പോഴാണ് ബാലനായിരുന്ന കുഞ്ഞിമ്മൂസയ്ക്ക് കളരിയില്‍ താത്പര്യം ജനിച്ചത്. അന്നുതൊട്ടിന്നോളം കളരിയോടൊപ്പം യാത്ര ചെയ്ത കുഞ്ഞിമ്മൂസ ഗുരിക്കള്‍ തന്നെ താനാക്കിയ കലയ്ക്ക് വേണ്ടി കേരളത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും പങ്കുവഹിച്ചു.

പതിനൊന്നാം വയസ്സില്‍ ആരംഭിച്ച കളരി അരനൂറ്റാണ്ടിലേറെയായി കുഞ്ഞിമ്മൂസ ഗുരിക്കളോടൊപ്പമുണ്ട്. നൂറുകണക്കിന് ശിഷ്യന്മാരുടെ ഗുരു ഖത്തറിലെത്തിയത് തന്റെ ശിഷ്യന്‍മാര്‍ നടത്തുന്ന വ്യത്യസ്ത കളരികള്‍ സന്ദര്‍ശിക്കാനായിരുന്നു.

അല്‍ മെസില, ബിന്‍ മഹമ്മൂദ്, അല്‍തുമാമ, അല്‍ ഖോര്‍, മിസൈദ് എന്നിവിടങ്ങളിലായി നൂറ്റിഎണ്‍പതിലേറെ വിദ്യാര്‍ഥികളാണ് ഖത്തറില്‍ കളരി അഭ്യസിക്കുന്നത്. കുഞ്ഞിമൂസ ഗുരുക്കളുടെ ശിഷ്യന്മാരായ ശരീഫ്, മനാഫ്, ഖമറു, ഷാനിബ്, മുഹമ്മദ്, സാഹിര്‍ തുടങ്ങിയവരാണ് ഖത്തറില്‍ കളരി പഠനത്തിന് ആവശ്യമായ നേതൃത്വം വഹിക്കുന്നത്.
കളരിപ്പയറ്റ് രംഗത്തിന് വലിയ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ കുഞ്ഞിമൂസ ഗുരിക്കള്‍ അടങ്ങുന്ന അഭ്യാസികള്‍ക്ക് സാധിച്ചിട്ടുണ്ട്. ദേശീയ കളരിപ്പയറ്റ് ടെക്നിക്കല്‍ കമ്മിറ്റി അംഗവും ജഡ്ജുമായ അദ്ദേഹം ദേശീയ ഗെയിംസിലും ബഹറൈനിലും മലേഷ്യയിലുമെല്ലാം തന്റെ ആയോധന കലയുമായി സഞ്ചരിച്ചിട്ടുണ്ട്.
നേരത്തെ ആയോധന കലയായി എണ്ണിയിരുന്ന കളരിപ്പയറ്റ് ഇപ്പോള്‍ കായിക വിനോദം കൂടിയാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ അതിരുകളില്‍ നിന്നും ദേശീയ ഗെയിംസിലേക്കെത്താനും സാധിച്ചിട്ടുണ്ട്. ഇനി ഒളിംപിക്സില്‍ കളരിയെ മത്സര ഇനമായി എത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കുഞ്ഞിമ്മൂസ ഗുരിക്കള്‍ അടങ്ങുന്ന കളരി അഭ്യാസികളും അവരുടെ സംഘടനയും.
തന്റെ കീഴില്‍ കളരി അഭ്യസിച്ച നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ ഉന്നത പഠനം നടത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സന്തോഷത്തോടെ ഓര്‍ക്കുന്നു. മെഡിക്കല്‍, എന്‍ജിനിയറിംഗ്, ബി എഡ്, ഫിസിയോ തെറാപ്പി തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ സാധിച്ചത് കളരിയുടെ മികവിലായിരുന്നു.

ഗോവയില്‍ നടന്ന 2024 ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച കളരി സംഘത്തിലെ അഞ്ചുപേരില്‍ മൂന്നും കുഞ്ഞിമൂസ ഗുരിക്കളുടെ വില്ല്യാപ്പള്ളി ചൂരക്കൊടി കളരി സംഘത്തിലേതായിരുന്നു. അവരില്‍ രണ്ടുപേര്‍ സ്വര്‍ണവും ഒരാള്‍ വെങ്കലവും കരസ്ഥമാക്കി. സ്വര്‍ണം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും വെങ്കലം നേടിയ വിദ്യാര്‍ഥിക്ക് രണ്ട് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ദേശീയ ഗെയിംസില്‍ പതിനെട്ടാം സ്ഥാനത്തായിരുന്ന കേരളത്തെ കളരി മത്സരങ്ങള്‍ ആരംഭിച്ച ആദ്യദിനം എട്ടാം സ്ഥാനത്തേക്കും രണ്ടാം ദിവസം നാലാം സ്ഥാനത്തേക്കുമെത്തിക്കാന്‍ കളരിപ്പയറ്റിന് സാധിച്ചുവെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
കേരള ഫോക്‌ലോര്‍ അക്കാദമി വില്ല്യാപ്പള്ളി ചൂരക്കൊടി കളരി സംഘത്തിലെ 33 കുട്ടികള്‍ക്ക് 300 രൂപ വീതം പ്രതിമാസം നല്‍കുന്നുണ്ട്. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഈ തുക ലഭിക്കുന്നത്. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ സര്‍ക്കാര്‍ നിരവധി അംഗീകാരങ്ങള്‍ കളരിക്കായി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സ്‌കൂളുകള്‍ തമ്മിലുള്ള എ പ്ലസ് മത്സരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ‘പഠന മത്സരങ്ങളില്‍’ കളരി ഉള്‍പ്പെടെയുള്ള ആയോധന കലകള്‍ പരിശീലിപ്പിക്കാന്‍ സമയം കുറക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എങ്കിലും ശനി, ഞായര്‍ ദിവസങ്ങളിലും അവധിക്കാലത്തുമൊക്കെ പരിശീലനം നല്‍കി വിദ്യാര്‍ഥികളെ കൂടെ നിര്‍ത്താന്‍ സാധിക്കുന്നുണ്ട്.
കോഴിക്കോട്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളില്‍ കളരിപ്പയറ്റ് മത്സരങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ പെണ്‍കുട്ടികളും കളരി പഠിക്കാന്‍ മുന്നിട്ടിറങ്ങുന്നുണ്ടെന്നും പറഞ്ഞു. നൂറ്റന്‍പതോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന കാര്യം തനിക്കറിയാമെന്നും അദ്ദേഹം വിശദമാക്കി.
കളരിപ്പയറ്റിന് പുറമേ സാമൂഹ്യ- സാംസ്‌ക്കാരിക- വിദ്യാഭ്യാസ രംഗങ്ങളിലും വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങൡും ശക്തമായ സാന്നിധ്യം കൂടിയാണ് കുഞ്ഞിമൂസ ഗൂരുക്കള്‍.

