അമ്പതിലധികം സംഘടനകള്‍ ഒരുമിച്ച കേരളപ്പിറവി ആഘോഷത്തില്‍ കണ്ണൂരിന്റെ കേക്ക് പൈതൃകവുമായി കുവാഖ്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അബൂ ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തില്‍ അമ്പതിലധികം കേരളീയ സംഘടനകള്‍ അണിനിരന്നപ്പോള്‍ കുവാഖ് ആഘോഷിച്ചത് കണ്ണൂരിന്റെ കേക്ക് പെരുമ.

city exchange

കണ്ണൂരിന്റെ ചരിത്രപ്രസിദ്ധമായ കേക്ക് നിര്‍മാണ പൈതൃകത്തെ ഓര്‍മപ്പെടുത്തി കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ (കുവാഖ്) ഒരുക്കിയ പ്രത്യേക കേക്ക് ആഘോഷത്തിന് മധുരമേകി.

കേരളത്തിന്റെ ഭൂപടത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രത്യേകം അടയാളപ്പെടുത്തിയ കേക്ക്, നാടിന്റെ ചരിത്രവും പ്രാദേശിക അഭിമാനവും പ്രതിഫലിപ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ശ്രീകര്‍ റെഡ്ഡിയും പത്‌നിയും കേക്ക് മുറിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ജി വേണുഗോപാല്‍, കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബൂ, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image

കുവാഖ് വൈസ് പ്രസിഡന്റ് മനോഹരന്‍, സാംസ്‌കാരിക സെക്രട്ടറി ഗോപാല്‍, ട്രഷറര്‍ സഞ്ജയ്, സ്മൈല്‍ കുവാഖ് ജനറല്‍ സെക്രട്ടറി വിജിന സഞ്ജയ്, ട്രഷറര്‍ ഖദീജ നൗഷാദ്, പ്രദീപ്, ഷമ്മാസ്, നബീല്‍ എന്നിവരും കുവാഖ്, സ്മൈല്‍ കുവാഖ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കുചേര്‍ന്നു.

കേരളത്തിന്റെ പൈതൃകവും ആതിഥ്യമര്യാദയും കൂട്ടായ്മയുടെ കരുത്തും വിളിച്ചോതിയ ആഘോഷം സംഘടിപ്പിച്ച ഐ സി സി നേതൃത്വത്തിനും പങ്കാളികളായ സംഘടനകള്‍ക്കും കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു നന്ദിയും അഭിനന്ദനവും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!