

തിരുവനന്തപുരം: ലോകകേരളസഭ ബഹിഷ്‌ക്കരണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമായെന്ന്് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രാഷ്ട്രീയ കാരണങ്ങളാലാണ് വിട്ടു നില്‍ക്കുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും വി ഡി സതീശന്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതും താമസം ഒരുക്കുന്നതും ധൂര്‍ത്താണെന്ന് പ്രതിപക്ഷം എവിടെയും പറഞ്ഞിട്ടില്ല. എം എ യൂസഫലിയുടെ പരാമര്‍ശം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. കലുഷിതമായ രാഷ്ട്രീയ സാഹചര്യം കാരണമാണ് ലോക കേരള സഭയില്‍ നിന്ന് യു ഡി എഫ് നേതാക്കള്‍ വിട്ടുനിന്നത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ തന്നെ യൂസഫലിയെ അറിയിച്ചതുമാണ്. എന്നിട്ടും അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയതിനെ ന്യായീകരിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.
