Connect with us

Community

മഹാത്മ ജ്യോതിബ ഫൂലെ നാഷ്ണല്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് ജുബൈര്‍ വെള്ളാടത്തിന്

Published

on


അബൂദാബി: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫൂലെ നാഷ്ണല്‍ ഫെല്ലോഷിപ്പ് അവാര്‍ഡിന് എഴുത്തുകാരനും സാഹിത്യപ്രവര്‍ത്തകനുമായ ജുബൈര്‍ വെള്ളാടത്ത് തെരഞ്ഞെടുക്കപ്പെട്ടു. വിജ്ഞാനസാഹിത്യ വിഭാഗത്തില്‍ എന്റെ ആനക്കര നാള്‍വഴികള്‍ നാട്ടുവഴികള്‍ എന്ന ചരിത്രപഠന പുസ്തകത്തിന്റെ രചനക്കാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന അക്കാദമിയുടെ ദേശീയസമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

ചിന്തകനും എഴുത്തുകാരമായിരുന്ന ജ്യോതിബ ഗോവിന്ദറാവു ഫൂലെയുടെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. പണ്ഡിതന്‍, പത്രാധിപന്‍, തത്ത്വജ്ഞാനി തുടങ്ങി ബഹുമുഖരംഗങ്ങളില്‍ നിറഞ്ഞു നിന്ന വിപ്ലവകാരിയായിരുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ജ്യോതിബ ഗോവിന്ദറാവു ഫൂലെ.

സ്വാതന്ത്ര്യസമരം, രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ഗ്രാമമായ ആനക്കരയെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകം. ഭരണഘടനാ അസംബ്ലി മെമ്പറായിരുന്ന അമ്മു സ്വാമിനാഥന്‍, പ്രദേശ് കോണ്‍ഗ്രസ്സ് അധ്യക്ഷയായിരുന്ന എ വി കുട്ടിമാളുഅമ്മ, സുഭാഷ്ചന്ദ്ര ബോസിനൊപ്പം ഐ എന്‍ എയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി, ദേശീയപ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന സുശീലാമ്മ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ ധീരമായ പോരാട്ടങ്ങള്‍, അധ്യാപകര്‍, കലാകാരന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഈ പുസ്തകത്തില്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നു. അക്ഷരജാലകം ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

നാലുവര്‍ഷക്കാലം പഠനം നടത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയത്. ചരിത്രം തിരുത്തി എഴുതപ്പെടുന്ന ഈ കാലത്ത്, ഇന്നലെകളിലെ നാടിന്റെ മൈത്രിയും മാനവികമൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ആനക്കര സ്വദേശിയായ ജുബൈര്‍ വെള്ളാടത്ത് രണ്ടരപതിറ്റാണ്ടായി യു എ ഇയിലെ അബുദാബിയില്‍ ജോലി ചെയ്യുന്നു. അക്ഷരജാലകം ഓവര്‍സീസ് പ്രസിഡന്റാണ്. അബുദാബി അക്ഷര സാഹിത്യ ക്ലബ്ബ്, അബുദാബി ഐ ഐ സി ലിറ്റററി വിംഗ് തുടങ്ങി പ്രവാസലോകത്തെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമാണ്. ശബ്‌നയാണ് ഭാര്യ. റീം ഹനാന്‍ മകളും മര്‍വാന്‍ ഇബാദ് മകനുമാണ്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!