

ദോഹ: മലയാളി സമാജവും റേഡിയോ മലയാളം 98.6 എഫ് എമ്മും ചേര്‍ന്ന് മലയാളി സമാജം പ്രതിഭാ സംഗമം കേരളോത്സവം 2024 പോഡാര്‍ പേള്‍ സ്‌കൂളില്‍ നടത്തി. 2023- 24 അധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിന് ഉന്നത വിജയം നേടിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും അവരുടെ അധ്യാപകരെയും ആദരിക്കുന്ന പ്രതിഭാ സംഗമവും കേരളോത്സവത്തോടൊപ്പം സംഘടിപ്പിച്ചു.

ചടങ്ങില്‍ മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്‍ മുഖ്യാഥിതിയായിരുന്നു. മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് യോഹന്നാന്‍ സ്വാഗതവും ചെയര്‍പേഴ്‌സണ്‍ ലത ആനന്ദ് നായര്‍ ആമുഖവും പറഞ്ഞു. സമാജം അഡൈ്വസര്‍ പ്രേംജിത്, സമാജം വൈസ് പ്രസിഡന്റ് ബദറുദ്ദീന്‍ മുഹമ്മദ്, സമാജം ട്രഷറര്‍ വീണ ബിധു, ജോയിന്റ് സെക്രട്ടറിമാരായ റിന്‍സാ ഫിറോസ്, കേരളോത്സവം പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ് ചാവക്കാട്, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഐ സി സി, ഐ സി ബി എഫ് ഭാരവാഹികള്‍, അല്‍ റവാബി ഗ്രൂപ്പ് ജി എം കണ്ണൂ ബക്കര്‍, ജി കെ പി എ പ്രസിഡന്റ് നൗഫല്‍, ജി കെ പി എ സെക്രട്ടറി നജ്‌ല, സമാജം എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.

അരുണ്‍ പിള്ളയും ജയശ്രീ സുരേഷും മഞ്ജു മനോജും പ്രേമ ശരത്ചന്ദ്രനും പരിപാടികള്‍ നിയന്ത്രിച്ചു. പ്രതിഭാ സംഗമത്തോടനുബന്ധിച്ചു ഇന്റര്‍സ്‌കൂള്‍ മലയാളം ക്വിസ് മത്സരവും നടത്തി. കേരളം, മലയാള ഭാഷ, സാഹിത്യം എന്നീ വിഷയത്തെ അധികരിച്ച് നടന്ന ക്വിസില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ മാറ്റുരച്ചു. ഹമദിലെ കാര്‍ഡിയാക് വിഭാഗം സര്‍ജന്‍ ഡോ. റഷീദ് പട്ടത്ത്, സമാജം ജോയിന്റ് സെക്രട്ടറി സരിത ജോയിസുമായിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍. സുബൈര്‍ പാണ്ഡവതും ആനന്ദ് നായരുമായിരുന്നു ടൈമര്‍മാര്‍.
പ്രതിഭാ സംഗമത്തോടനുബന്ധിച്ചുള്ള ‘കേരളം, മലയാള ഭാഷ’ വിഷയത്തെ അധികരിച്ചു നടത്തിയ ഇന്റര്‍സ്‌കൂള്‍ മലയാളം ക്വിസ് മത്സരത്തില്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ വിജയികളായി. ഫസ്റ്റ് റണര്‍ അപ്പ് നോബിള്‍ സ്‌കൂളും സെക്കന്റ് റണ്ണര്‍ അപ്പ് ഐഡിയല്‍ സ്‌കൂളും കരസ്ഥമാക്കി.
2019 മുതല്‍ സമാജം നല്‍കുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിന് ഇത്തവണ 115 വിദ്യാര്‍ഥികളാണ് അര്‍ഹരായത്. മുഖ്യാഥിതി മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്‍, കണ്ണൂ ബക്കര്‍, പ്രധാന സ്‌പോണ്‍സര്‍ മനോജ്, ജി കെ പി എ പ്രസിഡന്റ് നൗഫല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു.
മാത്യു കുഴല്‍നാടന്‍ ക്വിസ് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു.

