

മനാമ: മലയാളി യുവാവിനെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനാണ്.

വെള്ളത്തില്‍ മുങ്ങിയത് കാരണമായുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നുമാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടികള്‍ സ്വിമ്മിംഗ്പൂളില്‍ ഒരാള്‍ ചലനമറ്റു കിടക്കുന്നതു കണ്ട് ആളുകളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ദുബൈയില്‍ ജോലിയുണ്ടായിരുന്ന സച്ചിന്‍ സാമുവല്‍ അടുത്തിടെയാണ് ബഹ്‌റൈനിലെത്തിയത്. റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. നീന്തല്‍ അറിയാവുന്ന സച്ചിന്‍ രാത്രി ഭക്ഷണം കഴിച്ച ശേഷം പൂളിലേക്ക് പോവുകയായിരുന്നു. പുതിയ താമസ സ്ഥലത്ത് എത്തിയ ശേഷം ആദ്യമായാണ് അദ്ദേഹം കോമ്പൗണ്ടിലെ പൂളിലേക്ക് പോയത്.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

