Featured
റമദാനില്‍ ആട്ടിറച്ചിക്ക് വാണിജ്യ മന്ത്രാലയം സബ്‌സിഡി പ്രഖ്യാപിച്ചു

ദോഹ: വാണിജ്യ- വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയും സംയുക്തമായി പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് റമദാന്‍ മാസത്തില്‍ ആട്ടിറച്ചി വിലയില്‍ സബ്സിഡി പ്രഖ്യാപിച്ചു.


സബ്‌സിഡി വില്‍പന കാലയളവ് മാര്‍ച്ച് 18 ശനിയാഴ്ചയാണ് ആരംഭിക്കുക. റമദാന്‍ അവസാനം വരെ ഇത് തുടരും.

റമദാനില്‍ പൗരന്മാര്‍ക്ക് മിതമായ നിരക്കില്‍ ആട്ടിറച്ചി ലഭ്യത ഉറപ്പാക്കുകയും സ്ഥിരമായ വിപണി വില ഉറപ്പാക്കുന്നതിന് വിതരണവും ഡിമാന്‍ഡും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


വിദാം ഏകദേശം 30,000 പ്രാദേശിക ആടുകളെ കുറഞ്ഞ വിലയ്ക്ക് പൗരന്മാര്‍ക്ക് വില്‍ക്കാന്‍ നല്‍കും. ഒരു പൗരന് രണ്ട് ആടുകളാണ് ലഭിക്കുക. 30 മുതല്‍ 35 കിലോഗ്രാം വരെയോ അതില്‍ കൂടുതലോ ഭാരമുള്ള നാടന്‍ ആടുകളുടെ വില 900 റിയാലാണ്.
പൗരന്മാര്‍ അവരുടെ യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡ് അല്‍ ഖോര്‍, ഉമ്മു സലാല്‍, അല്‍ വക്ര, അല്‍ ഷഹാനിയ എന്നിവിടങ്ങളിലെ വിദാമുമായി ബന്ധപ്പെട്ട അറവുശാലകളിലോ വിദാമിന്റെ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ വഴിയോ ഹാജരാക്കണം. അറവ്, മാംസം ചെറുതാക്കല്‍, പാക്കേജിംഗ് എന്നിവയ്ക്ക് 16 റിയാലിന്റെ അധിക ഫീസ് ഈടാക്കും. കൂടാതെ പോര്‍ട്ടര്‍മാര്‍ക്ക് പ്രത്യേക കൂപ്പണുകളായി വാങ്ങുന്നതിന് 34 റിയാലുമുണ്ട്. 15 റിയാല്‍ അധിക ഫീസ് നല്‍കിയാല്‍ ഹോം ഡെലിവറി സേവനവും ലഭ്യമാണ്.
ഈ മാംസം പൗരന്മാരില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പാക്കാനും അറവുശാലകളില്‍ ഉടന്‍ തന്നെ കശാപ്പ് നടത്തണമെന്നും അത് ഈ സംരംഭത്തിന്റെ ലക്ഷ്യ വിഭാഗത്തില്‍ എത്തുമെന്നും വ്യവസ്ഥ ചെയ്യുന്നു.


