കുത്തിവെക്കാവുന്ന എക്‌സോസോം ഉത്പന്നങ്ങള്‍ ചികിത്സയ്‌ക്കോ സൗന്ദര്യവര്‍ധക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

Web Desk
1 Min Read

ദോഹ: ചികിത്സാ ആവശ്യങ്ങള്‍ക്കോ സൗന്ദര്യവര്‍ധക നടപടികള്‍ക്കോ അംഗീകാരമില്ലാത്ത കുത്തിവെക്കാവുന്ന എക്‌സോസോം ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

city exchange

സര്‍ക്കുലര്‍ പ്രകാരം, നിലവില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പോ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോ ചികിത്സാ അല്ലെങ്കില്‍ സൗന്ദര്യവര്‍ധക ആവശ്യങ്ങള്‍ക്കായി കുത്തിവെക്കാവുന്ന ഒരു എക്‌സോസോം ഉത്പന്നത്തിനും അംഗീകാരം നല്‍കിയിട്ടില്ല.

നിലവില്‍ എക്‌സോസോം ഉത്പന്നങ്ങള്‍ ബാഹ്യ ഉപയോഗത്തിന് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതിനാല്‍ എക്‌സോസോം കുത്തിവെപ്പുകള്‍ ഏതുവിധേനയും നല്‍കുന്നതും അംഗീകാരമില്ലാത്ത ചികിത്സാ അല്ലെങ്കില്‍ സൗന്ദര്യവര്‍ധക ഗുണങ്ങള്‍ അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നതും അനുവദിച്ചിട്ടുള്ള ബാഹ്യ ഉപയോഗത്തിന് പുറത്ത് ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുത്തിവെക്കാവുന്ന എക്‌സോസോം ഉത്പന്നങ്ങളുടെ സുരക്ഷയും ഫലപ്രാപ്തിയും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവ ആരോഗ്യത്തിന് അപകടസാധ്യത സൃഷ്ടിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image

സര്‍ക്കുലര്‍ പാലിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഖത്തറിലെ ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം നിയമപരവും നിയന്ത്രണപരവുമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാവരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!