ഖത്തറില്‍ പുതിയ തലമുറ വാഹന നമ്പര്‍ പ്ലേറ്റുകള്‍; ഘട്ടംഘട്ടമായി മാറ്റിസ്ഥാപിക്കും

Web Desk
2 Min Read

ദോഹ: ഖത്തറിലെ വാഹന നമ്പര്‍ പ്ലേറ്റുകള്‍ പുതുതലമുറ ഡിസൈനിലേക്ക് മാറ്റിസ്ഥാപിക്കുന്ന ദേശീയ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായ രൂപകല്‍പ്പനയും സ്മാര്‍ട്ട് ട്രാഫിക് സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ക്ക് പിന്തുണ നല്‍കുന്നതുമാണ് പുതിയ നമ്പര്‍ പ്ലേറ്റുകളുടെ പ്രത്യേകത.

city exchange

വാഹന നമ്പര്‍ പ്ലേറ്റുകളുടെ ദൃശ്യപരത ശക്തിപ്പെടുത്തുകയും കൂടുതല്‍ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങളിലൂടെ ഏകീകരണം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ ട്രാഫിക് സംവിധാനത്തിന് കൂടുതല്‍ കരുത്തേകാനും ഈ പദ്ധതിയിലൂടെ സാധിക്കും. ദേശീയ പ്ലേറ്റ് നമ്പറിംഗ് സംവിധാനത്തിന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് എല്ലാ വിഭാഗം വാഹന പ്ലേറ്റുകളും ഈ പരിഷ്‌കരണത്തിന് കീഴില്‍ വരുന്നത്. വാഹനങ്ങളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംവിധാനത്തിന്റെ ദീര്‍ഘകാല സുസ്ഥിരതയും ഭാവിയിലെ വിവിധ സാധ്യതകളും ഇതിലൂടെ ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ നമ്പര്‍ പ്ലേറ്റുകളുടെ പ്രയോഗം ആദ്യഘട്ടത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ ആരംഭിക്കും. നിലവിലുള്ള നമ്പറിനൊപ്പം ഒരു അക്ഷരമായി (ക്യു) ചേര്‍ക്കുന്നതായിരിക്കും തുടക്കം. തുടര്‍ന്ന് ക്രമാനുസൃതമായി (ടി), (ആര്‍) എന്നീ അക്ഷരങ്ങളും ഉപയോഗിക്കും.

ഒന്നാം ഘട്ടം 2025 ഡിസംബര്‍ 13 മുതല്‍ 16 വരെ സൗം ആപ്ലിക്കേഷന്‍ വഴി പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ നേടുന്ന വാഹന ഉടമകള്‍ക്ക് (ക്യു) എന്ന അക്ഷരം ഉള്‍പ്പെടുത്തിയ നമ്പര്‍ പ്ലേറ്റുകള്‍ അനുവദിക്കും.

- Advertisement -
Ad image

രണ്ടാം ഘട്ടത്തില്‍ 2026 ഏപ്രില്‍ 1 മുതല്‍ വാഹന ലൈസന്‍സിംഗ് സംവിധാനത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് (പുതിയ രജിസ്ട്രേഷനുകള്‍) പുതിയ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിക്കും. അന്ന് നിലവിലുണ്ടായിരിക്കുന്ന നമ്പറിംഗ് ക്രമമനുസരിച്ച് ക്യു, ടി, ആര്‍ എന്നീ അക്ഷരങ്ങള്‍ നല്‍കുന്നതായിരിക്കും.

മൂന്നാംഘട്ടത്തില്‍ നിലവില്‍ ലൈസന്‍സുള്ള എല്ലാ സ്വകാര്യ വാഹനങ്ങളും ഉള്‍പ്പെടും. ഇവയുടെ നിലവിലുള്ള നമ്പറുകളില്‍ (ക്യു) എന്ന അക്ഷരം ചേര്‍ത്ത് പ്ലേറ്റുകള്‍ മാറ്റിസ്ഥാപിക്കും. ഇതിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.

സ്വകാര്യ വാഹനങ്ങള്‍ക്കു പുറമെ മറ്റു വിഭാഗം വാഹനങ്ങള്‍ക്കായുള്ള അധിക ഘട്ടങ്ങളും തുടര്‍ന്ന് നടപ്പാക്കും. ഈ ഘട്ടങ്ങളില്‍ അവരുടെ നമ്പര്‍ പ്ലേറ്റുകളില്‍ രണ്ട് അക്ഷരങ്ങള്‍ ചേര്‍ക്കുന്നതായിരിക്കും.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കായുള്ള മാറ്റിസ്ഥാപന സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ പെര്‍മിറ്റ് പുതുക്കലിനോ കേടുപാടുകള്‍ സംഭവിച്ച സാഹചര്യങ്ങളിലോ നിലവിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ തന്നെ ഉപയോഗിക്കുന്നതായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!