
മുസ്ലിം ലീഗിന്റെ അഭിമാനവും കരുത്തുമായിരുന്ന പത്തായക്കോടന്‍ സീതി ഹാജി സാഹിബ് വിടപറഞ്ഞിട്ട് ഈ ഡിസംബറില്‍ മൂന്നു പതിറ്റാണ്ട് പിന്നിടുന്നു. അദ്ദേഹത്തെ അനുസ്മരിച്ച് രായിന്‍ കുട്ടി എഴുതിയ ഒരുകാര്‍യാത്ര എന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വായനക്കാര്‍ക്കായി അതു പങ്കുവെക്കുന്നു.


നട്ടപ്പാതിര നേരം കൂരാ കൂരിരിട്ട്. ഏറനാടിന്റെ ഹൃദയഭാഗമായ ചാലിയാര്‍ തീരതൂടെയുള്ള യാത്ര അന്ത്യയാത്രയാകുമെന്ന് ഒരു വേള ശങ്കിച്ചതാണ്. കാറിന്റെ അരണ്ട വെളിച്ചത്തില്‍ എന്നെ തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ ആക്രോശിച്ചു.’എടാശൈത്താനെ! നീയാണല്ലേആഇബ്ലീസ്. നിന്നെ ഞാനിന്ന് കൊന്ന് ചാലിയാര്‍ പുഴയിലേക്ക് എറിയും. നിന്റെ മരണം അല്ലാഹു കണക്കാക്കിയിട്ടുള്ളത് എന്റെ കൈക്കൊണ്ടാണ്. പിന്നെ തങ്കപ്പെട്ട തെറി വചനങ്ങളുടെ പൂരം. സീതിഹാജിയുടെ കാറിലാണ് അകപ്പെട്ടതെന്ന് അറിഞ്ഞപ്പോള്‍ തന്നെ പാതി ജീവന്‍ നഷ്ടപ്പെട്ടപോലെ .കൈകാലുകള്‍ തളര്‍ന്നു.തൊണ്ടയില്‍ വെള്ളം വറ്റി. വെള്ളം കുടിച്ചു ചീര്‍ത്തു വീര്‍ത്ത എന്റെ മയ്യിത്ത് നാളെ ചാലിയാറിലെ ഏതെങ്കിലും ഒരു പൊന്തയില്‍ തങ്ങിനില്‍ക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു. ശഹാദത്തുകലിമചൊല്ലി മരണം കാത്ത് ഒരു ഇരിപ്പായിരുന്നു പിന്നെ.

ഈ സംഭവം നടക്കുന്നത് 1976 മാര്‍ച്ച് 14 ന്. ലീഗ് രണ്ടായി വിഘടിച്ചു നില്‍ക്കുന്ന സമയം, ഞാന്‍ അഖിലേന്ത്യാ ലിഗ് കാരനായിരുന്നു. നേതാക്കളും അണികളും ഇരു ചേരികളിലായി അണിനിരന്നു. കൊമ്പുകോര്‍ത്ത കാലം.സീതി ഹാജിയെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ തമാശകള്‍ കെട്ടിപ്പടച്ചുണ്ടാക്കി സദസ്സില്‍ പൊട്ടിച്ച് ജനത്തിന്റെ കയ്യടിവാങ്ങല്‍ അഖിലന്ത്യാലീഗിലെ പ്രത്യേകിച്ച് ചെറുപ്പക്കാരായ പ്രാസംഗികരുടെ പതിവ് പരിപാടി ആയിരുന്നു.
എടക്കരക്കടുത്ത് പലേമാടില്‍ ഒരു പൊതുയോഗം കഴിഞ്ഞ് അര്‍ധരാത്രി നാട്ടിലെത്താന്‍ എടക്കര ടൗണില്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്നു .അതു വഴി വരുന്ന വാഹനങ്ങള്‍ക്കൊക്കെ കൈകാണിച്ചെങ്കിലും പലരും നിര്‍ത്തിയില്ല. അവസാനം ഒരു കാര്‍ ദൂരെ ചെന്ന് ബ്രേക്കിട്ടു. ഞാന്‍ അതിന്റെ മുന്‍ സീറ്റിലിരിക്കുന്ന തടിമാടന്റെ അടുത്ത് കയറി യാത്രയായി. കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ അവരുടെ സംസാരം തുടര്‍ന്നു. എവിടെയോ കേട്ടു പരിചയമുള്ള ശബ്ദം. മെല്ലെ തിരിഞ്ഞു നോക്കി .സീതിഹാജി കൂടെ കെസിഅബൂബക്കര്‍മൗലവിയും.
ഞാന്‍ അടിമുടി വിറച്ചു. ഏതു നേരവും തോക്കും, കത്തിയും ആവിശ്യത്തിന്‍ ഗുണ്ടകളും അതിലേറെ സ്വന്തം കയ്യിരാപ്പുമൊക്കെയുള്ള ആളാണെന്ന് ഞാന്‍ തന്നെ ഏഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുള്ള ഹാജിക്ക് എന്നെ തിരിച്ചറിയും വരെയെ എനിക്കായുസ്സുള്ളൂ എന്ന തിരിച്ചറിവ് എന്നെ വല്ലാതെ അലട്ടി.
കാറിലുള്ള യാത്രക്കാര്‍ എന്റെ ഊരും പേരും ചോദിച്ചറിഞ്ഞു. എന്റെ പേര് കേട്ടപ്പോള്‍ നീയാണോ ആവിമതന്‍ രായിന്‍കുട്ടി എന്ന് സീതി ഹാജി ചോദിച്ചു. അതെ ,എന്റെ പേര് കേട്ടപ്പോള്‍ ഹാജി പൊട്ടിത്തെറിച്ചു.’ എടാ ശൈതാനെ! എന്റെ പച്ചിറച്ചി തിന്നു വന്നു എന്റെ കാറില്‍ തന്നെ കയറാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു? അള്ളോ….. ഈ വിമതന്റെ തൊലിക്കട്ടി ഭയങ്കരം തന്നെ! ഹാജിയുടെ ആക്രോശം കേട്ട് കാറിലുള്ള സഹയാത്രികര്‍ പോലും ഭയന്നു പോയി. നിറുത്താതെയുള്ള തെറികളുടെ പ്രവാഹമായിരുന്നു പിന്നെ….
ചാലിയാറിന്റെ തീരം വിട്ടു കാര്‍ യാത്ര തുടര്‍ന്നപ്പോള്‍ കൊന്ന് പുഴയിലേക്കെറിയല്‍ പദ്ധതി ഒഴിവാക്കിയതായി തോന്നി.പിന്നെ കാര്‍ ഹാജിയുടെ വീട്ടിലേക്കുള്ള കൊച്ചു പാതയിലേക്ക് തിരിഞ്ഞപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ സീതി ഹാജി സമ്മതിച്ചില്ല. അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. മിക്കവാറും കൊല നടക്കാന്‍ സാധ്യത വീട്ടില്‍ വെച്ചായിരിക്കും. മുമ്പ് ചിലരുടെ തിരോധാനവുമായി ബന്ധപ്പെടുത്തി ഞാന്‍ തന്നെ പത്രത്തിലെഴുതായ #തുടര്‍ലേഖനങ്ങളെപ്പറ്റി ഓര്‍മ്മ വന്നു
കാര്‍ വീടിന്റെ മുന്നില്‍ നിര്‍ത്തി എല്ലാവരും അകത്തേക്ക് പോയി. എന്നെ വിളിച്ചുവെങ്കിലും ഞാന്‍ പോയില്ല.ഞാന്‍ കാറിനടുത്ത് തന്നെ നിന്നു. അവസാനം ഒരു തടിമാടന്‍ കാലികളെ അറക്കാന്‍ കൊണ്ടു പോവുന്ന മട്ടില്‍ ഉന്തി തള്ളി എന്നെ അകത്താക്കി. തീന്‍മേശയില്‍ ഭക്ഷണം റെഡി. കൊലച്ചോര്‍ വിളമ്പിവെച്ച മട്ടിലാണ് എനിക്ക് തോന്നിയത്. ഞാന്‍ ഭക്ഷണം കഴിച്ചെന്ന് പറഞ്ഞിട്ടു അവര്‍.വിട്ടില്ല. നിര്‍ബന്ധിച്ച് കഴിപ്പിച്ചു.കോഴിയെ അറക്കും മുമ്പ് വെള്ളം കുടിപ്പിക്കുന്ന മട്ടില്‍.
വീട്ടിലെത്തിയ ഹാജി ശാന്തനും സൗമ്യനും മാന്യന്മായാണ് കാണപ്പെട്ടത്. ഭക്ഷണം കഴിച്ച ശേഷം എന്റെ പുറത്ത് തട്ടി കൊണ്ട് സമാധാനിപ്പിച്ചു. ‘എന്റെ ദേഷ്യത്തിന്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞു, കുട്ടി സാരമാക്കണ്ട. നീ കഴിഞ്ഞാഴ്ച്ച മരുതയില്‍ പ്രസംഗിച്ചതിന് മറുപടി പറഞ്ഞു വരികയാണ് ഞങ്ങള്‍. ആ ചൂടില്‍ പറഞ്ഞതാണ്.ഇയ്യ് ഇപ്പം പ്രസംഗിക്കണമാതിരി തന്നെ പ്രസംഗിച്ചോ ഞാനും കെ സി യു മൊക്കെ മറുപടി പറഞ്ഞോണ്ട്.ഞങ്ങള്‍ക്കും വേണ്ടേ ദിവസവും ഒരു പണി ‘ എന്നിട് ഡ്രൈവറെ വിളിച്ചു എടവണ്ണയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള എന്റെ വീട്ടിലേക്ക് കൊണ്ടുവിടാന്‍ പറഞ്ഞു. പക്ഷേ അപ്പോഴേക്കും തിരൂരിലെ മദിരാശി അബൂബക്കര്‍ ,കൈമലശ്ശേരി, തുടങ്ങിയവര്‍ സീതി ഹാജിയെ കാണാനെത്തി.അവരോട് ഹാജി പറഞ്ഞു: ‘എനിക്ക് വഴിയില്‍നിന്ന്ഒരുവിമതനെകിട്ടിയിട്ടുണ്ട്.ഇവനെനാട്ടില്‍കൊണ്ടുവിടണം.
പറയാനുള്ളത് മനസ്സില്‍ വെക്കാതെ വെട്ടിത്തുറന്നു പറഞ്ഞു. പിന്നെ മാന്യമായ അതിഥി സല്‍ക്കാരം. ഒടുവില്‍ ശ്രതുവിനെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള സന്മനസ്സ്.കാപട്യംബലേശവും ഏല്‍ക്കാത്ത ഒരു തനി ഏറനാടന്‍ മാപ്പിളയുടെ ഹൃദയശുദ്ധി.
1985 ലെ ലിഗുകളുടെ പുനരൈക്യത്തിന് ശേഷം കുറച്ചുകാലം സീതി ഹാജിയുടെ വിശ്വസ്ത അനുയായി ആയി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ചാരിതാര്‍ഥ്യജനകം തന്നെ.
ഡിസംബര്‍ അഞ്ചിനാണ് സീതിഹാജിയുടെ ചരമ ദിനം
അല്ലാഹു അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്ന് പോയ എല്ലാം തെറ്റുകളും പെറുത്ത് നല്‍കട്ടെ കബറിടം വിശലമാക്കി കെടുക്കട്ടെ ആമീന്‍.

